വിമാനയാത്രയ്ക്കിടെ വയോധികന് മൂത്ര തടസ്സം: ഒരുലിറ്ററോളം മൂത്രം വായ കൊണ്ട് വലിച്ചെടുത്ത് ജീവന്‍ രക്ഷിച്ച് ഡോക്ടര്‍, അഭിനന്ദനം

ന്യൂയോര്‍ക്ക്: വിമാനയാത്രയ്ക്കിടെ മൂത്രമൊഴിക്കാനാകാതെ ഗുരുതരാവസ്ഥയിലായ
വയോധികന്റെ ജീവന്‍ രക്ഷിച്ചത് ഡോക്ടറുടെ നിര്‍ണായക ഇടപെടല്‍. ചൈനയില്‍നിന്നുള്ള വാസ്‌കുലര്‍ സര്‍ജനായ ഷാങ് ഹോങാണ് വയോധികന്റെ മൂത്രാശയത്തില്‍ നിന്നും മൂത്രം വായ കൊണ്ട് വലിച്ചെടുത്ത് രക്ഷപ്പെടുത്തിയത്.

ഗ്വാങ്ഷുവില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന ചൈന സതേണ്‍ എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരില്‍ ഒരാളായ വയോധികന് മൂത്രതടസ്സം നേരിടുന്നതായും സ്ഥിതി ഗുരുതരമാണെന്നും ക്യാബിന്‍ ക്രൂവാണ് വിവരം അറിയിച്ചത്. ഉടനെ തന്നെ ചികിത്സിക്കാന്‍ സന്നദ്ധനാണെന്ന് ഷാങ് അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വയോധികനെ പരിശോധിച്ചു. മൂത്രാശയത്തില്‍ ഏകദേശം ഒരുലിറ്ററോളം മൂത്രമുണ്ടായിരുന്നു. മൂത്രമൊഴിക്കാന്‍ കഴിയാതെ വയോധികന്റെ സ്ഥിതി ഗുരുതരമാണെന്ന് മനസിലാക്കിയതോടെ മൂത്രം പുറത്തെടുക്കാന്‍ ഷാങ് ശ്രമിക്കുകയായിരുന്നു.

ഇതിനായി വിമാനത്തില്‍ ലഭ്യമായിരുന്ന ഓക്സിജന്‍ മാസ്‌ക്, സിറിഞ്ച്, സ്ട്രോ തുടങ്ങിയവ ഉപയോഗിച്ച് ഷാങ് ഒരു ഉപകരണം നിര്‍മിച്ചു. ഇതിലൂടെ സിറിഞ്ച് ഉപയോഗിച്ച് മൂത്രം വലിച്ചെടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ അത് പ്രാവര്‍ത്തികമാകില്ലെന്ന് കണ്ടതോടെ ഷാങ് തന്നെ വായ ഉപയോഗിച്ച് മൂത്രം വലിച്ചെടുക്കുകയായിരുന്നു. ഇങ്ങനെ, 37 മിനിറ്റുകൊണ്ട് ഏകദേശം 800 മില്ലിലിറ്റര്‍ മൂത്രം അദ്ദേഹം വലിച്ചെടുത്തു.

വിമാനത്താവളത്തിലെത്തിയതിന് ശേഷം വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിമാനത്തിലെ സഹയാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച ഷാങ്ങിന്റെ വാര്‍ത്ത പുറത്തുവന്നതോടെ നിരവധി പേരാണ് അദ്ദേഹത്തിനെ അഭിനന്ദിക്കുന്നത്.

Exit mobile version