ഒന്നരവയസുകാരിയുടെ ജീവനെടുത്തത് ‘വീഗൻ’; പാല് കൊടുക്കാതെ സസ്യനീര് മാത്രം നൽകിയ മാതാപിതാക്കൾ പിടിയിൽ

ഫ്‌ലോറിഡ: ഒന്നര വയസുകാരിക്ക് ഭക്ഷണം കൃത്യമായി നൽകാതെ മരണത്തിന് വിട്ടുകൊടുത്ത സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. യുഎസിലാണ് പോഷകാഹാര കുറവ് കൊണ്ട് 18 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. വീഗൻ എന്ന ഭക്ഷണക്രമത്തിൽ ജീവിക്കുന്ന മാതാപിതാക്കൾ കുഞ്ഞിന് സസ്യനീര് മാത്രമാണ് നൽകിയിരുന്നത്. ഇതോടെ പോഷകാഹാരക്കുറവ് മൂലം സെപ്റ്റംബർ 27 ന് പുലർച്ചെ 4 മണിയോടെ ഷൈല ഒ ലെറി (35) റയാൻ ഒ ലെറി (30) എന്നീ ദമ്പതികളുടെ കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കൊലക്കുറ്റത്തിനു കേസ് രജിസ്റ്റർ ചെയ്തു.

കുട്ടി മരിച്ചത് പോഷകാഹാര കുറവ് കൊണ്ടാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതോടെയാണു ദമ്പതികളെ കേപ് കോറൽ പോലീസ് അറസ്റ്റ് ചെയ്തത്. കരൾ വീക്കം, നിർജലീകരണം, ശ്വാസതടസം എന്നീ രോഗങ്ങളും കുഞ്ഞിനുണ്ടായിരുന്നു. കുട്ടിയുടെ കൈകാലുകൾ ശോഷിച്ച നിലയിലായിരുന്നു.

വീഗൻ എന്ന പുതിയ തരം ഭക്ഷണരീതി പിന്തുടരുന്ന ഇവർ മൃഗങ്ങളിൽ നിന്നെടുത്ത ഭക്ഷണങ്ങൾ സാധനങ്ങൾ കഴിക്കാറുണ്ടായിരുന്നില്ല. പാലുത്പന്നങ്ങളും വർജിച്ചിരുന്നു. ഇതോടെ സസ്യാഹാരം മാത്രം ഉപയോഗിക്കുന്ന ഇവർ കുഞ്ഞിനും പച്ചക്കറികളും പഴങ്ങളും മാത്രമാണ് നൽകിയിരുലന്നത്. കഴിഞ്ഞ ആറുമാസമായി കുഞ്ഞ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവിച്ചിരുന്നുവെങ്കിലും ഒരിക്കൽ പോലും ഇവർ ഡോക്ടറെ കാണിച്ചിരുന്നില്ല.

ഇതേ ദമ്പതികളുടെ അഞ്ചും മൂന്നും വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങളും ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ്. ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.

Exit mobile version