ബംഗ്ലാദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻഅപകടം; 16 മരണം; നൂറിലേറെ പേർക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻഅപകടം. അപകടത്തിൽ 16 പേർ കൊല്ലപ്പെടുകയും നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബ്രഹ്മൻ ബാരിയയിലാണ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ മരണ സംഖ്യ ഉയർന്നേക്കാമെന്നും 16 പേരുടെ മൃതദേഹമാണ് ലഭിച്ചതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ധാക്കയിൽ നിന്നും ചിറ്റഗോങ്ങിൽനിന്നും വന്ന ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. പുലർച്ചെ മൂന്നിനായിരുന്നു അപകടം. അപകടത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഞെട്ടൽ രേഖപ്പെടുത്തി. അപകടത്തിൽപ്പെട്ടവർക്ക് എല്ലാ വൈദ്യസഹായവും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

സിഗ്നൽ തെറ്റിയതോടെ ഒരേ ട്രാക്കിലൂടെ ട്രെയിനുകൾ എത്തിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനും ഉത്തരവ് നൽകിയിട്ടുണ്ട്.

Exit mobile version