കടലിന് അടിയിൽ നിന്നും ആകാശത്തേക്ക് കുതിച്ച് ഉത്തര കൊറിയൻ മിസൈൽ; വിറച്ച് ജപ്പാൻ; വീണ്ടും പ്രകോപനം

കടലിനടിയിൽ മുങ്ങിക്കപ്പലിൽ നിന്നാണ് ബാലിസ്റ്റിക് മിസൈൽ തൊടുത്തതെന്നാണ് വിവരം

സോൾ: വീണ്ടും പ്രകോപിപ്പിച്ച് ഉത്തര കൊറിയയുടെ ആയുധ പരീക്ഷണം. കടലിനടിയിൽ നിന്നും തൊടുക്കാവുന്ന മിസൈൽ പരീക്ഷിച്ചാണ് ഉത്തര കൊറിയയുടെ പ്രകോപനം. കടലിനടിയിൽ നിന്ന് തൊടുത്ത മിസൈൽ ആകാശത്തേക്ക് കുതിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ലോകരാജ്യങ്ങൾ സംഭവമറിഞ്ഞത്. കടലിനടിയിൽ മുങ്ങിക്കപ്പലിൽ നിന്നാണ് ബാലിസ്റ്റിക് മിസൈൽ തൊടുത്തതെന്നാണ് വിവരം. പരീക്ഷണം വിജയമായിരുന്നുവെന്ന് ഉത്തര കൊറിയ അവകാശപ്പെട്ടു.

അമേരിക്കയുമായി ആണവ വിഷയത്തിൽ ചർച്ച നടക്കാനിരിക്കെയാണ് മിസൈൽ പരീക്ഷണം. പരസ്പരം പോർവിളിച്ചു കൊണ്ടിരിക്കെ ചർച്ചയ്ക്ക് തയ്യാറായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും രംഗത്തെത്തിയ സാഹചര്യത്തിലാണ് ഉത്തരകൊറിയയുടെ പരീക്ഷണം. ഇതോടെ ഇരു രാജ്യങ്ങളും ചർച്ചയ്ക്ക് തയ്യാറായ ശേഷമുള്ള ഉത്തര കൊറിയയുടെ ഏറ്റവും വലിയ പ്രകോപനമായാണ് ഈ മിസൈൽ പരീക്ഷണത്തെ ലോകരാജ്യങ്ങൾ വിലയിരുത്തുന്നത്.

പരീക്ഷണത്തിന് പ്രതിരോധ ശാസ്ത്രജ്ഞന്മാർക്ക് കിം ജോങ് ഉൻ അഭിനന്ദനം അറിയിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായി കെസിഎൻഎ റിപ്പോർട്ട് ചെയ്തു. മുൻ പരീക്ഷണ വേളയിലെ പോലെ ഇത് നേരിട്ട് വീക്ഷിക്കാൻ പക്ഷേ കിം എത്തിയില്ല. പുഗുസോങ്-3 എന്ന് പേരിട്ട മിസൈലാണ് കടലിനടിയിലുണ്ടായിരുന്ന മുങ്ങിക്കപ്പലിൽ നിന്ന് മുകളിലേക്ക് തൊടുത്ത് വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഔദ്യോഗിക ദിനപത്രമായ റൊഡോങ് ചിത്രങ്ങൾ സഹിതം രണ്ട് പേജാണ് മിസൈലിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിഷയത്തിൽ ദക്ഷിണ കൊറിയയും ജപ്പാൻ പ്രധാനമന്ത്രിയും ആശങ്ക രേഖപ്പെടുത്തുകയും മിസൈൽ പരീക്ഷണത്തെ അപലപിക്കുകയും ചെയ്തു.

Exit mobile version