അങ്ങകലെ ജലകണങ്ങളുള്ള ഒരു ഗ്രഹം കൂടി കണ്ടെത്തി; ജീവന്റെ അംശം തേടി ശാസ്ത്രജ്ഞർ

ഏകദേശം 9.5 ലക്ഷം കോടി കിലോമീറ്റർ അകലെയാണ് ഈ ഗ്രഹം.

വാഷിങ്ടൺ: ഉപരിതലത്തിൽ ജലമുണ്ടോ എന്ന് ഉറപ്പില്ലെങ്കിലും അന്തരീക്ഷത്തിൽ ജലബാഷ്പകണങ്ങളുമായി അങ്ങകലെയൊരു ഗ്രഹം ശാസ്ത്രജ്ഞർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തെ ചുറ്റിക്കൊണ്ടിരിക്കുന്ന, ഭൂമിയോട് ഒട്ടേറെ സാദൃശ്യങ്ങളുള്ള കെ2-18ബി ഗ്രഹത്തെയാണ് കണ്ടെത്തിയിരിക്കുന്നത്. ഭൂമിയേക്കാൾ ഇരട്ടി വലിപ്പവും എട്ടിരട്ടി പിണ്ഡവുമുള്ളതാണ് ഈ ഗ്രഹം. കെ2-18ബിയുടെ ‘സൂര്യൻ’ നമ്മുടെ സൂര്യന്റെ പകുതിയിലേറെ ചെറുതുമാണ്.

നാസയുടെ ഹബിൾ സ്‌പേസ് ടെലിസ്‌കോപ് ഒപ്പിയെടുത്ത കാഴ്ചകളാണ് ഈ ഗ്രഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയിരിക്കുന്നത്. ഭൂമിയിൽ നിന്ന് 110 പ്രകാശവർഷം (പ്രകാശം ഒരു വർഷം കൊണ്ടു സഞ്ചരിക്കുന്ന ദൂരം). ഏകദേശം 9.5 ലക്ഷം കോടി കിലോമീറ്റർ അകലെയാണ് ഈ ഗ്രഹം.

ഭൂമിയെപ്പോലെ വാസയോഗ്യമായിരിക്കാം ഈ ഗ്രഹം. ഒപ്പം നിലവിൽ ഈ ഗ്രഹത്തിൽ ജീവന്റെ സാന്നിധ്യം ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. താപനിലയും ജീവന് അനുയോജ്യംമാണ്(10 ഡിഗ്രി). അന്തരീക്ഷത്തിൽ 0.01% നും 50%നും ഇടയിൽ ജലസാന്നിധ്യവുമുണ്ട്.

ജീവൻ നിലനിൽക്കാൻ ഏറ്റവുമധികം സാധ്യതയുള്ള ഗ്രഹമാണിതെന്നു ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ ശാസ്ത്രസംഘം നേച്ചർ അസ്‌ട്രോണമിയിൽ എഴുതിയ റിപ്പോർട്ടിൽ പറയുന്നു. പഞ്ഞിക്കെട്ടുപോലെ മേഘപടലങ്ങളും അകലെ തെളിഞ്ഞുമിന്നുന്ന ചുവന്ന സൂര്യനുമുള്ള കെ2-18ബി ഗ്രഹത്തിലെ കാഴ്ചകൾ മനോഹരമാണെങ്കിലും താമസയോഗ്യമാകാൻ സാധ്യത കുറവാണ്. ഉപരിതലത്തിൽ കാലുറപ്പിച്ചു നിൽക്കാൻ പോലുമാകില്ല. കാരണം, ഗുരുത്വാകർഷണശക്തി ഭൂമിയിലേതിനെക്കാൾ വളരെ കൂടുതലാണ്.

Exit mobile version