‘സത്യത്തിൽ മോഡി നന്നായി ഇംഗ്ലീഷ് സംസാരിക്കും; ഇപ്പോൾ വേണ്ടാന്ന് വെച്ചിട്ടാണ്’; കൂട്ടച്ചിരി ഉണർത്തി ട്രംപിന്റെ തമാശ

ഇരുവരും തമാശ പങ്കിട്ട് പൊട്ടിച്ചിരിക്കുന്നതും സൗഹൃദം പുതുക്കുന്നതും കാണാനായി.

ജനീവ: ജി-7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മാധ്യമപ്രവർത്തകർക്ക് സമ്മാനിച്ചത് രസകരമായ നിമിഷങ്ങൾ. ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണവെ ഇരുവരും തമാശ പങ്കിട്ട് പൊട്ടിച്ചിരിക്കുന്നതും സൗഹൃദം പുതുക്കുന്നതും കാണാനായി.

കാശ്മീരും വ്യാപാരവും ഉൾപ്പെടെയുള്ള ഗൗരവകരമായ വിഷയങ്ങളിൽ ചർച്ച നടത്തിയ ശേഷമാണ് ഇരുരാഷ്ട്ര തലവന്മാരും മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. ഇതിനിടെയാണ് കൂട്ടച്ചിരിക്കു വക നൽകി ഡൊണാൾഡ് ട്രംപിന്റെ ഫലിതം.

മാധ്യമപ്രവർത്തകരോടു പ്രധാനമന്ത്രി ഹിന്ദിയിൽ സംസാരിക്കുന്നതു കേട്ടപ്പോഴാണ് യുഎസ് പ്രസിഡന്റ് മോഡിയുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെ കുറിച്ച് പരാമർശിച്ചത്.

‘യഥാർത്ഥത്തിൽ മോഡിക്ക് നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയാം, പക്ഷെ ഇപ്പോൾ താൽപര്യമില്ലെന്ന് മാത്രം’-ഇതായിരുന്നു ട്രംപ് മോഡിയെ കുറിച്ച് പറഞ്ഞ് കൂട്ടച്ചിരിക്ക് വകനൽകിയത്. ഇതുകേട്ട് ഉറക്കെ ചിരിച്ച മോഡി വലംകൈ കൊണ്ട് ട്രംപിന്റെ കരം കവരുകയും സൗഹൃദഭാവത്തിൽ ഇടതുകരം കൊണ്ട് ചെറുതായി അടിക്കുകയും ചെയ്തു. തന്റെ തമാശ എല്ലാവരും ആസ്വദിച്ച സന്തോഷത്തിൽ ട്രംപ് മോഡിക്ക് നേരെ സൗഹൃദഭാവത്തിൽ വിരൽ ചൂണ്ടി പൊട്ടിച്ചിരി തുടരുകയും ചെയ്തു.

Exit mobile version