കാശ്മീർ വിഷയം ഗുരുതരമെങ്കിലും മോഡിയോടും ഇമ്രാൻ ഖാനോടും സംസാരിച്ചു; പരിഹാരത്തിന് ചർച്ച നിർദേശിച്ച് ട്രംപ്

കാശ്മീരിലേത് സങ്കീർണ്ണമായ സാഹചര്യമാണെന്നും ട്രംപ് ട്വിറ്ററിലൂടെ പറഞ്ഞു.

വാഷിംഗ്ടൺ: ഇന്ത്യ-പാകിസ്താൻ ബന്ധം ഏറ്റവും വഷളായനിലയിൽ എത്തിയതോടെ വീണ്ടും ഇടപെട്ട് യുഎസ്പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാശ്മീരിലെ സാഹചര്യത്തെ സംബന്ധിച്ച് പാകിസ്താൻ ഇന്ത്യയുമായി ചർച്ച നടത്തണമെന്ന് ട്രംപ് നിർദേശിച്ചു ടെലിഫോൺ സംഭാഷണത്തിലൂടെയാണ് ട്രംപ് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. കാശ്മീരിലേത് സങ്കീർണ്ണമായ സാഹചര്യമാണെന്നും ട്രംപ് ട്വിറ്ററിലൂടെ പറഞ്ഞു.

കാശ്മീർ വിഷയം പരാമർശിച്ചുകൊണ്ട് ഇത് രണ്ടാം തവണയാണ് ട്രംപ് ഇമ്രാൻ ഖാനെ ബന്ധപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി തിങ്കളാഴ്ച നടത്തിയ സംഭാഷണത്തിന് പിന്നാലെയായായിരുന്നു ഇത്. ‘എന്റെ രണ്ട് നല്ല സുഹൃത്തുക്കളായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാനോടും വ്യാപാരം, പങ്കാളിത്തം എന്നിവയെക്കുറിച്ച് സംസാരിച്ചു. ഇതുകൂടാതെ ഏറ്റവും പ്രധാനമായി കാശ്മീരിലെ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനായി പ്രവർത്തിക്കേണ്ടതെങ്ങനെ എന്നതിനെക്കുറിച്ചും സംസാരിച്ചു. വളരെ സങ്കീർണ്ണമായ സാഹചര്യം, പക്ഷേ നല്ല സംഭാഷണങ്ങൾ!’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

സ്ഥിതിഗതികൾ വഷളാകുന്നത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിഷയത്തിൽ ഇരുവരും സംയമനം പാലിക്കണമെന്നും ട്രംപ് പറഞ്ഞതായി വൈറ്റ് ഹൗസ് അറിയിച്ചു. യുഎസ്-പാകിസ്താൻ സാമ്പത്തിക, വാണിജ്യ സഹകരണം ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കാൻ ഇരു നേതാക്കളും സമ്മതിച്ചതായും വൈറ്റ് ഹൗസ് അറിയിച്ചു. ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെയാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായത്.

Exit mobile version