തേങ്ങയും വെളിച്ചെണ്ണയും എയര്‍ ഇന്ത്യ സ്‌ഫോടക വസ്തു പട്ടികയില്‍ നിന്നും നീക്കും, മലയാളികളുടെ ബുദ്ധിമുട്ടു പരിഹരിക്കാന്‍ ഉടന്‍ ഇടപെടാമെന്നു വ്യോമയാനമന്ത്രി

വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി, കെ. മുരളീധരന്‍ എംപിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉറപ്പ് നല്‍കി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ തേങ്ങയും വെളിച്ചെണ്ണയും സ്‌ഫോടക വസ്തു പട്ടികയില്‍ നിന്നും നീക്കിയേക്കും. ഇവ സ്‌ഫോടന വസ്തുപട്ടികയില്‍ ഉള്‍പ്പെടുത്തിയ എയര്‍ ഇന്ത്യയുടെ നടപടി പരിശോധിച്ചു തിരുത്താമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി, കെ. മുരളീധരന്‍ എംപിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉറപ്പ് നല്‍കി.

രാജ്യമെമ്പാടും ഭക്ഷിക്കുന്ന തേങ്ങയുടെ വിലക്കിനെക്കുറിച്ച് അറിവില്ലെന്ന് മന്ത്രി പ്രതികരിച്ചപ്പോള്‍ തേങ്ങ വിലക്കിക്കൊണ്ടുള്ള എയര്‍ ഇന്ത്യയുടെ ഉത്തരവ് എംപി അദ്ദേഹത്തിനു കൈമാറി. വിമാനത്താവളത്തിലെ സുരക്ഷാസംവിധാനത്തില്‍ ഫലവര്‍ഗങ്ങളും സ്‌ഫോടകവസ്തുവും വേര്‍തിരിച്ചറിയാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും അതിനാല്‍ സ്‌ഫോടകവസ്തു പട്ടികയില്‍നിന്നു തേങ്ങ ഒഴിവാക്കാന്‍ ചരക്കുഗതാഗത സര്‍വീസിലെ ജനറല്‍ മാനേജര്‍ക്കു നിര്‍ദേശം നല്‍കണമെന്നും കെ മുരളീധരന്‍ കത്തില്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന്, മലയാളികളുടെ ബുദ്ധിമുട്ടു പരിഹരിക്കാന്‍ ഉടന്‍ ഇടപെടാമെന്നു വ്യോമയാനമന്ത്രി അറിയിച്ചു.
തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് നിലവില്‍ കൊപ്ര വിമാനങ്ങളില്‍ അനുവദനീയമല്ല. എന്നാല്‍, കൊപ്രയ്‌ക്കൊപ്പം തേങ്ങയും സ്‌ഫോടകവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി എയര്‍ ഇന്ത്യ ജൂണില്‍ ഉത്തരവിറക്കുകയായിരുന്നു.

Exit mobile version