മോഡിയുടെ 15 ലക്ഷം അക്കൗണ്ടിലേക്ക് ഉടനെത്തുമെന്ന് വാട്‌സ്ആപ്പ്; അക്കൗണ്ട് തുടങ്ങാൻ ഞായറാഴ്ചയും പോസ്റ്റ് ഓഫീസിലേക്ക് കൂട്ടത്തോടെ ഓടിയെത്തി മൂന്നാറിലെ തൊഴിലാളികൾ

മൂന്നാർ: വാട്‌സ്ആപ്പിൽ കറങ്ങി നടന്ന വ്യാജ സന്ദേശം വിശ്വസിച്ച് മൂന്നാറിലെ തോട്ടെ തൊഴിലാളികൾ ഉൾപ്പടെയുള്ളവർ കൂട്ടത്തോടെ അക്കൗണ്ട് തുടങ്ങാനായി പോസ്റ്റ് ഓഫീസിലേക്ക് ഓടിയെത്തി. കഴിഞ്ഞ ദിവസങ്ങളിലായാണ് മൂന്നാറിലെ ജനങ്ങൾ വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ കബളിപ്പിക്കപ്പെട്ടത്. രണ്ട് വാട്‌സ്ആപ്പ് സന്ദേശങ്ങളാണ് ജനങ്ങളേയും ഉദ്യോഗസ്ഥരേയും വലച്ചത്. കൂട്ടത്തോടെ ജനങ്ങളെത്തിയതിനാൽ പോസ്റ്റ് ഓഫീസ് ഞായറാഴ്ചയും തുറന്നുപ്രവർത്തിപ്പിക്കേണ്ടി വന്നിരുന്നു.

വാട്‌സ്ആപ്പിലെത്തിയ ആദ്യ സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച 15 ലക്ഷം രൂപ നിങ്ങളുടെ പോസ്റ്റോഫീസ് അക്കൗണ്ടുകളിലെത്തുമെന്നും എത്രയും വേഗം അക്കൗണ്ടെടുക്കണമെന്നുമായിരുന്നു. രണ്ടാം സന്ദേശം ദേവികുളം റവന്യൂ ഡിവിഷണൽ ഓഫീസിൽ നിന്ന് സൗജന്യ ഭൂമി വിതരണം ചെയ്യുന്നുണ്ടെന്നായിരുന്നു. വാർത്ത വ്യാജമെന്ന് പോസ്റ്റോഫീസിലെത്തിവരോട് പോസ്റ്റ് മാസ്റ്റർ പറഞ്ഞെങ്കിലും നാട്ടുകാർ ആരും വിശ്വസിച്ചില്ല. ഇനി അക്കൗണ്ടില്ലാത്തത് കൊണ്ട് 15 ലക്ഷം നഷ്ടപ്പെടണ്ടല്ലോ എന്ന് മാത്രമാണ് വന്നവർ ചിന്തിച്ചത്. നൂറുകണക്കിന് ആളുകൾ കൂട്ടത്തോടെ ഒരു ദിവസത്തെ തൊഴിൽ കളഞ്ഞുപോലും അക്കൗണ്ട് തുറക്കാനായെത്തുകയായിരുന്നു. ആളുകളുടെ എണ്ണം കൂടിയതോടെ പോസ്റ്റോഫീസിലെ സർവർ തകരാറിലായി.

മൂന്നാറിലെ പോസ്റ്റ് ഓഫീസ്, ദേവികുളത്തെ ആർഡിഒ ഓഫീസ് എന്നിവിടങ്ങളെയാണ് വ്യാജപ്രചരണം ബാധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി തൊഴിലാളികളുടെ നീണ്ട നിരയാണ് മൂന്നാർ പോസ്റ്റ് ഓഫീസിന് മുമ്പിൽ രൂപപ്പെട്ടതെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

അമ്പതിനായിരം മുതൽ മൂന്ന് ലക്ഷം വരെയുള്ള തുക അക്കൗണ്ടിലേക്ക് എത്തും എന്നായതോടെ തിരക്ക് നിയന്ത്രിക്കാൻ പോസ്റ്റ്ഓഫീസിലെ ഉദ്യോഗസ്ഥർക്കും കഴിയാതെയായി. തിരക്ക് നിയന്ത്രണാതീതമായതോടെ പോലീസിനും ഇടപെടേണ്ടി വന്നു. തുടർന്ന് പോസ്റ്റോഫീസ് ഞായറാഴ്ച പോലും തുറന്ന് പ്രവർത്തിക്കുകയായിരുന്നു.

ഒടുവിൽ പോസ്റ്റ് ഓഫീസിലെ ദൈനം ദിന പ്രവർത്തനങ്ങളെ കൂടി ഈ അക്കൗണ്ട് തുറക്കൽ ബാധിച്ചതോടെ വ്യാജവാർത്തകളിൽ വഞ്ചിതരാകരുത് എന്ന ബോർഡ് പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥർക്ക് സ്ഥാപിക്കേണ്ടി വന്നു. ക്യൂവിൽ നിൽക്കുന്നവരോട് ഉദ്യോഗസ്ഥരും പോലീസുകാരും കാര്യങ്ങൾ ബോധിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായിട്ടില്ല. ദേവികുളം റവന്യൂ ഡിവിഷണൽ ഓഫീസിലേക്കും സൗജന്യ ഭൂമി വാർത്ത വിശ്വസിച്ച് ജനങ്ങളോടിയെത്തി. വ്യാജ വാർത്ത മൂലം നിരവധി തൊഴിലാളികളാണ് ദേവികുളം ആർഡിഒ ഓഫീസിലെത്തിയത്. വ്യാജ വാർത്തകൾ എവിടെ നിന്ന് രൂപപ്പെട്ടുവെന്ന് അറിവില്ലെന്നും എന്നാൽ ഇത്തരത്തിലൊരു അറിയിപ്പ് നൽകിയിട്ടില്ലെന്നും ദേവികുളം സബ് കളക്ടർ രേണുരാജ് വ്യക്തമാക്കി.

Exit mobile version