ഡിപ്പാർട്ട്‌മെന്റിൽ ശുദ്ധികലശം വരുന്നു; മൂന്നാംമുറക്കാരെ തേടി ഡിജിപി; പട്ടിക തയ്യാറാക്കാൻ നിർദേശം

തിരുവനന്തപുരം: മൂന്നാംമുറക്കാരെ ഇനി സേനയില്‍ വെച്ചുപൊറുപ്പിക്കാനാകില്ലെന്ന നിലപാടുമായി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്. പോലീസിലെ മൂന്നാം മുറക്കാരുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ പട്ടിക നല്‍കാനാണ് ജില്ലാ പോലീസ് മേധാവിമാരോട് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാം മുറക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

നെടുങ്കണ്ടം കസ്റ്റഡിമരണം ഏറെ വിവാദമായതിന് പിന്നാലെയാണ് സേനയിലെ മൂന്നാംമുറക്കാരെ കുരുക്കാനുള്ള നീക്കം പോലീസില്‍ ശക്തമാകുന്നത്. മൂന്നാം മുറയില്‍ കുപ്രസിദ്ധരായ പോലീസുകാരുടെ പട്ടിക തയ്യാറാക്കണം, ഇത്തരക്കാര്‍ ഇപ്പോള്‍ ലോക്കല്‍ സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യം പ്രത്യേകം അറിയിക്കണമെന്നുമാണ് ഡിജിപിയുടെ നിര്‍ദേശം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഈ ആവശ്യം.

ഏതെങ്കിലും ഉദ്യോഗസ്ഥര്‍ സ്റ്റേഷനകത്തോ പുറത്തോ മൂന്നാം മുറ പ്രയോഗിച്ചതായി തെളിയിക്കപ്പെട്ടാല്‍ നിയമപരമായും, വകുപ്പു തലത്തിലും ശക്തമായി നടപടിയുണ്ടാകുമെന്നാണ് ഡിജിപിയുടെ മുന്നറിയിപ്പ്. മൂന്നാം മുറയിലും കസ്റ്റഡി മരണത്തിലും കേരള പോലീസ് സ്ഥരിമായി പഴികേള്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.

Exit mobile version