കേരളം നമ്പർ വൺ തന്നെ; രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ ഏഴ് സ്ഥാനങ്ങളും സ്വന്തമാക്കി കേരളം

kk shailaja and pinarayi

തിരുവനന്തപുരം: രാജ്യത്തെ ആരോഗ്യരംഗത്ത് ഒന്നാം സ്ഥാനത്തെത്ത് വീണ്ടും തെളിയിച്ച് കേരളം. രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ ഏഴ് സ്ഥാനങ്ങളും കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് സ്വന്തമായി. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രമാണ് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയത്-സ്‌കോർ: 99. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

പൂഴനാടിന് പിന്നാലെ, മലപ്പുറം ചാലിയാർ (95), പാലക്കാട് ശ്രീകൃഷ്ണപുരം (94), പത്തനംതിട്ട ഓതറ (93), കോഴിക്കോട് രാമനാട്ടുകര (92), കണ്ണൂർ കൊട്ടിയൂർ (92), തൃശൂർ മുണ്ടൂർ (88) എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) ബഹുമതി നേടിയത്.

കഴിഞ്ഞ വർഷം കാസർകോട് കയ്യൂർ കുടുംബാരോഗ്യകേന്ദ്രം 99 സ്‌കോർ നേടിയാണ് രാജ്യത്ത് ഒന്നാമതെത്തിയത്. രോഗികൾക്കുള്ള മികച്ച സേവനങ്ങൾ, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കൽ സേവനങ്ങൾ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, മാതൃ ശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങൾ തുടങ്ങി എട്ട് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് പരിശോധന നടന്നത്.

ദേശീയ ഗുണനിലവാര അംഗീകാരം തുടർച്ചയായ രണ്ടാം തവണയാണ് ഉയർന്ന സ്‌കോറോടെ കേരളം കരസ്ഥമാക്കുന്നത്. ഈ വർഷാവസാനത്തോടെ 140 കേന്ദ്രങ്ങൾക്ക് ദേശീയ അംഗീകാരം നേടിയെടുക്കാനാണ് സംസ്ഥാന സർക്കാറിന്റെ ശ്രമം.

Exit mobile version