സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

കനത്ത മഴയെ തുടര്‍ന്ന് നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കേരള തീരങ്ങളില്‍ 40 മുതല്‍ 50 ശതമാനം കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കടലാക്രമണം രൂക്ഷമാകുമെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നിലവില്‍ 1142 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കേരള തീരങ്ങളില്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ 17 ദുരിതാശ്വാസ ക്യാമ്പുകളിലായി 143 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ ജാഗ്രത പിലിക്കണമെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Exit mobile version