സമരക്കാരുടെ ആവശ്യം എന്താണെന്ന് ഇതുവരെയും മനസ്സിലായില്ല! യൂണിവേഴ്‌സിറ്റി കോളേജ് മാറ്റണമെന്നാണ് ആവശ്യമെങ്കില്‍ അത് നടക്കില്ല; കെഎസ്‌യുവിനോട് മുഖ്യമന്ത്രി

സമരം ചെയ്യുന്നവര്‍ക്ക് പോലും എന്തിനാണ് സമരം ചെയ്യുന്നത് എന്ന് അറിയില്ല.

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ കെഎസ്‌യുവിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം നടത്തുന്നവരുടെ ആവശ്യം എന്താണെന്ന് ഇതുവരെയും മനസ്സിലായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോളേജ് അവിടെ പ്രവര്‍ത്തിക്കരുത് എന്നാണ് ആവശ്യമെങ്കില്‍ അത് നടക്കില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശ്രമിച്ചിട്ട് നടന്നില്ല, ഇക്കാലത്ത് ഒട്ടും നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സമരം ചെയ്യുന്നവര്‍ക്ക് പോലും എന്തിനാണ് സമരം ചെയ്യുന്നത് എന്ന് അറിയില്ല. കോളേജില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് കോളേജ് അടപ്പിക്കാനുള്ള ശ്രമം നടക്കില്ല. പരാതികളില്‍ ശക്തമായ അന്വേഷണം നടക്കുന്നുണ്ട്. തെറ്റിനെ തെറ്റായി തന്നെ കാണുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഡിവൈഎഫ്‌ഐയും കെഎസ്‌യു സമരത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവത്തിന്റെ പേരില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് കലാപം അഴിച്ചുവിടുന്നുവെന്നും, യുക്തിസഹമായ ഒരു മുദ്രാവാക്യവും മുന്നോട്ട് വച്ചല്ല ഇവര്‍ സമരം ചെയ്യുന്നതെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെയാണ് കെഎസ്‌യു സമരം നടത്തുന്നതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു.

Exit mobile version