ആനപ്രേമികളെ ആവേശത്തിലാഴ്ത്തി വടക്കുനാഥന്റെ മുന്നില്‍ ഗജവീരന്മാര്‍ക്ക് ആനയൂട്ട്

ആനമാലയും പ്രസാധവുമണിഞ്ഞ് കൊമ്പന്മാരും പിടിയാനകളും വടക്കുംനാഥ ക്ഷേത്രത്തില്‍ അണിനിരന്നു

തൃശ്ശൂര്‍: വടക്കുന്നാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു. തൃശ്ശൂര്‍ പൂരത്തോളം പ്രാധാന്യത്തോടെ നടത്തുന്ന കേരളത്തിലെ പ്രസിദ്ധമായ ആനയൂട്ടാണ് വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ നടക്കുന്ന ആനയൂട്ട്. എഴുപതില്‍പരം ആനകളാണ് ആനയൂട്ടില്‍ അണിനിരന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി വ്യത്യസ്ഥമായി ഏഴ് പിടിയാനകള്‍ ആനയൂട്ടിന് അണിനിരുന്നു. ആനമാലയും പ്രസാധവുമണിഞ്ഞ് കൊമ്പന്മാരും പിടിയാനകളും വടക്കുംനാഥ ക്ഷേത്രത്തില്‍ അണിനിരന്നു.

ഞായറാഴ്ച രാവിലെ 9.30ഓടെ കേരളത്തിലെ ഏറ്റവും വളിയ ആനയൂട്ടിന് തുടക്കമായി. മേല്‍ശാന്തി കണിമംഗലം രാമന്‍ നമ്പൂതിരിയാണ് ആനയൂട്ട് ഉദ്ഘാടനം ചെയ്തത്. ഏറ്റവും ചെറിയ ആനയായ വാര്യത് ജയരാജന് ആദ്യം ഒരു ഉരുള ചോറ് നല്‍കിയാണ് ഊട്ട് ഉദ്ഘടനം ചെയ്തത്. പിന്നീട് അണി നിരന്ന കൊമ്പന്മാര്‍ര്‍ക്കും ഏഴ് പിടിയാനകള്‍ക്കും 500 കിലോ അരിയുടെ ചോറ്, മഞ്ഞള്‍പ്പൊടി, ശര്‍ക്കര, എണ്ണ എന്നിവ ചേര്‍ത്ത് ഉരുളകളാക്കി നല്‍കി.

കൈതച്ചക്ക, പഴം, വെള്ളരിക്ക തുടങ്ങിയ ഒമ്പതോളം പഴവര്‍ഗങ്ങളും ദഹനത്തിനുള്ള ഔഷധക്കൂട്ടും നല്‍കി. ആനയൂട്ട് കാണാന്‍ ആയിരക്കണക്കിന് ജനങ്ങളാണ് എത്തിയത്. ഇത്തവണ ആദ്യമായി ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള 10 ആനകളും ഊട്ടില്‍ അണി നിരന്നു. മന്ത്രി വിഎസ് സുനില്‍കുമാര്‍, എം പി ടി എന്‍ പ്രതാപന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ ബി മോഹന്‍ ദാസ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ ബി മോഹനന്‍ കമ്മീഷണര്‍ യതീഷ് ചന്ദ്ര തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.

Exit mobile version