തനിക്ക് യൂത്ത് കോണ്‍ഗ്രസ് ഇങ്ങനൊരു സമ്മാനം നല്‍കുന്നതില്‍ അഭിമാനം; അവര്‍ക്ക് അതിനുള്ള കപ്പാസിറ്റിയുണ്ട്: കാര്‍ പിരിവ് വിവാദത്തില്‍ പ്രതികരിച്ച് രമ്യ ഹരിദാസ് എംപി

ആലത്തൂര്‍: ആലത്തൂര്‍ എംപിയ്ക്ക് കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ പണപ്പിരിവ് വിവാദമായിരിക്കുന്നതിനിടെ പ്രതികരണവുമായി രമ്യ ഹരിദാസ് എംപി.

യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് കാറിനായി പണപ്പിരിവ് നടക്കുന്നത്. ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതം, ഏഴു നിയമസഭാ മണ്ഡലത്തില്‍ നിന്നായി 14 ലക്ഷം രൂപ പിരിച്ചെടുക്കാനാണ് തീരുമാനം.

ഇപ്പോഴും യൂത്ത് കോണ്‍ഗ്രസ് അംഗമായ തനിക്ക് യൂത്ത് കോണ്‍ഗ്രസ് അത്തരത്തിലൊരു സമ്മാനം നല്‍കുന്നതില്‍ സന്തോഷം മാത്രമാണെന്നും രമ്യ പറഞ്ഞു. താന്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ കോ-ഓര്‍ഡിനേറ്ററാണ്. അപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക എന്ന നിലയില്‍ അവര്‍ നല്‍കുന്ന സമ്മാനം അത് ഏറെ അഭിമാനം നല്‍കുന്നതാണെന്നും വലിയ ഒരു അംഗീകാരമായാണ് അതിനെ കാണുന്നതെന്നും രമ്യ വ്യക്തമാക്കി.

കാര്‍ വാങ്ങുന്നതിന് യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ തന്നെയാണ് പിരിവ് നടത്തുന്നതെന്നും പുറത്ത് ആരില്‍ നിന്നും പിരിവ് വാങ്ങുന്നില്ലെന്നും രമ്യ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന് അതിന് കപ്പാസിറ്റി ഉണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും അതില്‍ അഭിമാനം മാത്രമാണുള്ളതെന്നും രമ്യ വ്യക്തമാക്കി.

ആലത്തൂരിലെ സാധാരണക്കാര്‍ അവര്‍ക്ക് വേണ്ടി തെരഞ്ഞെടുത്ത ആലത്തൂരിലെ ഒരു സാധാരണക്കാരിയാണ് താന്‍. ഇത് ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനമാണ്. ആലത്തൂരുകാരിലേക്ക് എത്രയും വേഗം ഓടിയെത്തുക എന്നതാണ് തന്റെ ചുമതല. എംപിയെ സഹായിക്കുക എന്നതിലുപരി അങ്ങനെ ഒരു ആവശ്യത്തിന് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നു എന്നതില്‍ അഭിമാനമാണുള്ളത്.

ഒന്നുമില്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയ തനിക്ക് കെട്ടിവയ്ക്കാനുള്ള കാശ് നല്‍കിയതും യൂത്ത് കോണ്‍ഗ്രസാണെന്നും മത്സരിപ്പിച്ച് വിജയിപ്പിച്ച് അവര്‍ തന്നെ എംപിയാക്കിയിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട്‌പേര്‍ സഹായിച്ചിട്ടുണ്ടെന്നും രമ്യ പറഞ്ഞു. മൂന്ന് ജോടി വസ്ത്രം മാത്രമാണ് തനിക്ക് ഉണ്ടായിരുന്നത്. അതിപ്പോള്‍ 66 ജോടി ആയെങ്കില്‍ എല്ലാം ആലത്തൂരുകാര്‍ തന്നതാണ്. സുതാര്യമായ ബാങ്ക് അക്കൗണ്ടില്‍ 60 ലക്ഷത്തിനടുത്തേക്ക് ആളുകള്‍ നല്‍കിയ പണമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത്.

എംപിയെന്ന നിലയില്‍ ലഭിക്കുന്ന അലവന്‍സുകളില്‍ നിന്നാണ് വാഹനത്തിന്റെ ഇന്ധനം അടക്കമുള്ള ചെലവുകള്‍ വഹിക്കാന്‍ സാധിക്കൂ. മറ്റ് ചെറു സഹായങ്ങളും ചെയ്യുന്നത് ലഭിക്കുന്ന ഇത്തരം അലവന്‍സുകളില്‍ നിന്നാണ്.

ജൂലൈ 25 നകം പിരിവ് പൂര്‍ത്തിയാക്കാനാണ് കമ്മറ്റികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആഗസ്റ്റ് ഒമ്പതിന് രമേശ് ചെന്നിത്തല രമ്യ ഹരിദാസിന് താക്കോല്‍ കൈമാറും.

മഹീന്ദ്രയുടെ മരാസോ എന്ന കാര്‍ ഇതിനകം രമ്യ ഹരിദാസിന് വേണ്ടി ബുക്ക് ചെയ്ത് കഴിഞ്ഞതായും യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് പാളയം പ്രദീപ് പറഞ്ഞു. ടോപ് മോഡലിന് ഏകദേശം 14 ലക്ഷം രൂപയാണ് ഈ കാറിന് കേരളത്തിലെ വില.

അതേസമയം, എംപി എന്ന നിലയില്‍ പ്രതിമാസം 1.90 ലക്ഷം രൂപ ശമ്പളവും അലവന്‍സും അടക്കം ലഭിക്കുമ്പോള്‍ കാര്‍ വാങ്ങാന്‍ പണപ്പിരിവ് എന്തിനാണെന്ന ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

Exit mobile version