വിമാനത്തിലിരുന്ന് പുകവലിച്ച് രസിച്ചു; മലയാളി യുവാവ് പിടിയില്‍; പുകവലി നിരോധനത്തെ കുറിച്ച് അറിയില്ലായിരുന്നെന്ന് കുറ്റസമ്മതം

രണ്ട് സിഗരറ്റുകളും ലൈറ്ററും ജസോയില്‍ നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു.

മുംബൈ: ദോഹയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ വെച്ച് പുകവലിച്ച യുവാവ് അറസ്റ്റിലായി. വിമാനത്തിനുള്ളിലെ ശുചിമുറിയില്‍ നിന്നും പുകവലിച്ച മലയാളി യുവാവിനെ അറസ്റ്റ് ചെയ്ത ശേഷം 15,000 രൂപയുടെ ജാമ്യത്തിലാണ് ഒടുവില്‍ പോലീസ് വിട്ടയച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കൊല്ലം സ്വദേശി ജസോ ടി ജെറോമി (24) നെയാണ് വിമാനത്തിലെ ജീവനക്കാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. രണ്ട് സിഗരറ്റുകളും ലൈറ്ററും ജസോയില്‍ നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു.

ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ശൗചാലയത്തില്‍ വെച്ചാണ് ഇയാള്‍ പുകവലിച്ചത്. വിമാനത്തില്‍ പുകവലി നിരോധനമുള്ള വിവരം തനിക്കറിയില്ലെന്ന് ജസോ പോലീസിനോടു പറഞ്ഞു. വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങാറായപ്പോഴായിരുന്നു യുവാവ് പുകവലിച്ചത്. അപായസന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ പിടികൂടിയത്.

ദോഹയില്‍ ഒരു സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന ജസോ നാട്ടിലേക്ക് തിരിച്ചതായിരുന്നു. മുംബൈയിലിറങ്ങി തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ മാറി കയറാനിരിക്കെയാണ് അറസ്റ്റിലായത്.

Exit mobile version