ഇനിയും നാണക്കേട് സഹിക്കാനാവില്ല, ഭവന പദ്ധതിയിലേക്ക് മഞ്ജുവാര്യര്‍ പത്ത് ലക്ഷം നല്‍കും; പരാതി ഒത്തുതീര്‍പ്പായി

ഇതുവരെ മൂന്നര ലക്ഷത്തോളം രൂപ കെട്ടിടങ്ങളുടെ നവീകരണത്തിനായി ചെലവഴിച്ചതായും താരം വ്യക്തമാക്കിയിട്ടുണ്ട്

കല്‍പ്പറ്റ: ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കാമെന്ന് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന പരാതി ഒത്തുതീര്‍പ്പായി. പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച ഭവനപദ്ധതിയിലേക്ക് പത്തു ലക്ഷം രൂപ നല്‍കാമെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ മഞ്ജുവാര്യര്‍ അറിയിച്ചു.

വീട് വെച്ച് നല്‍കാനുള്ള പദ്ധതിക്ക് ഒറ്റയ്ക്ക് തുക കണ്ടെത്താന്‍ സാധിക്കില്ലെന്ന് പലതവണ അറിയിച്ചിരുന്നതാണെന്നും ഈ വിഷയത്തില്‍ ഇനിയും നാണക്കേട് സഹിക്കാനാവില്ലെന്നുമാണ് മഞ്ജുവാര്യര്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നത്. ഇതുവരെ മൂന്നര ലക്ഷത്തോളം രൂപ കെട്ടിടങ്ങളുടെ നവീകരണത്തിനായി ചെലവഴിച്ചതായും താരം വ്യക്തമാക്കിയിട്ടുണ്ട്.

പരക്കുനി ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ നല്‍കിയ പരാതിയിലാണ് മഞ്ജു വാര്യരോട് നേരിട്ട് ഹാജരാകാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ആവശ്യപ്പെട്ടത്. മഞ്ജുവാര്യര്‍ക്ക് പകരം പ്രതിനിധി സി എസ് അനീഷാണ് തിങ്കളാഴ്ച ഹാജരായത്.

പ്രളയത്തില്‍ തകര്‍ന്ന പരക്കുനിയിലെ 57 ആദിവാസി കുടുംബങ്ങള്‍ക്ക് ഒന്നേമുക്കാല്‍ കോടി രൂപ ചെലവഴിച്ച് വീട് നിര്‍മ്മിച്ച് നല്‍കാമെന്നായിരുന്നു മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ നല്‍കിയ വാഗ്ദാനം. താരത്തിന്റെ ഫൗണ്ടേഷന്റെ വാഗ്ദാനം ഉണ്ടായിരുന്നതിനാല്‍ ഇവിടുത്തെ കുടുംബങ്ങള്‍ ലൈഫ് മിഷനില്‍ അപേക്ഷ നല്‍കിയിരുന്നില്ല.

Exit mobile version