ഒന്ന് മുതല്‍ അഞ്ച് വരെ എല്‍പിയും ആറ് മുതല്‍ എട്ട് വരെ യുപിയും; വിദ്യാഭ്യാസ ഘടനയിലെ മാറ്റത്തിന് അംഗീകാരം

എല്‍പി, യുപി ക്ലാസുകളിലെ ഘടനാമാറ്റം ഹൈക്കോടതി അംഗീകരിച്ചു.

കൊച്ചി: ഇനി ഒന്ന് മുതല്‍ അഞ്ച് വരെ എല്‍പി, ആറ് മുതല്‍ എട്ട് വരെ യുപി. വിദ്യാഭ്യാസ ഘടനയിലെ മാറ്റത്തിന് അംഗീകാരം നല്‍കി ഹൈക്കോടതി. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് കേരള വിദ്യാഭ്യാസ ഘടനയിലും മാറ്റം വരുത്തണം എന്നാവശ്യപ്പെട്ടുള്ള 40ഓളം ഹര്‍ജികളില്‍ ഹൈക്കോടതി അനുകൂല ഉത്തരവ് പറയുകയായിരുന്നു.

എല്‍പി, യുപി ക്ലാസുകളിലെ ഘടനാമാറ്റം ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് ചിതംബരേഷ് അടക്കമുള്ള മൂന്നംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കേരളത്തിലെ എല്‍പി, യുപി ക്ലാസ്സുകളുടെ ഘടനയില്‍ മാറ്റവും നവീകരണവും വേണമെന്നായിരുന്നു വാദം. കേരള വിദ്യാഭ്യാസ ചട്ട പ്രകാരം ഒന്ന് മുതല്‍ നാലുവരെയുള്ള ക്ലാസ്സുകളാണ് എല്‍പി ക്ലാസ്സുകളായി പരിഗണിക്കുന്നത്. അഞ്ച് മുതല്‍ ഏഴ് വരെ യുപി സെക്ഷനും. ഈ ഘടനയിലാണ് ഇപ്പോള്‍ മാറ്റം വരുത്തണമെന്ന് കോടതി വിധി പറഞ്ഞിരിക്കുന്നത്.

വിധി വന്നതോടെ കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ ഘടനയിലാണ് മാറ്റമുണ്ടാവുക. ഒരുവയസു മുതല്‍ പതിനാല് വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം അവകാശമാക്കികൊണ്ടുള്ള വിദ്യാഭ്യാസ അവകാശ നിയമം 2009 ലാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതില്‍ എല്‍പി ക്ലാസുകള്‍ ഒന്നുമുതല്‍ അഞ്ച് വരെയും യുപി ക്ലാസുകള്‍ ആറ് മുതല്‍ എട്ടുവരെയും പരിഗണിക്കണമെന്നാണ് ഉള്ളത്. എന്നാല്‍ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള ഘടനാമാറ്റം സംസ്ഥാനത്ത് ഇതുവരെ വരുത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ണ്ണായക വിധി വന്നത്.

Exit mobile version