വിവാഹത്തിന് 20 പേര്‍, മദ്യശാലയ്ക്ക് മുന്നില്‍ 500 : സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

BEVCO | Bignewslive

കൊച്ചി : മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് വര്‍ധിക്കുന്നതിന് സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി. ഓണ്‍ലൈനായി നടന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ബവ്‌കോ എംഡിയെയും എക്‌സൈസ് കമ്മിഷണറെയും കോടതി ശകാരിച്ചു.

കോവിഡ് കുറയാതെ നില്‍ക്കുമ്പോഴും ജനങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കാതെ സര്‍ക്കാരിനും ബവ്‌റിജസ് കോര്‍പ്പറേഷനും വരുമാനം മാത്രമാണ് ലക്ഷ്യമെന്നും അതല്ലായിരുന്നുവെങ്കില്‍ ആളുകള്‍ മദ്യശാലകള്‍ക്ക് മുന്നില്‍ കൂട്ടം കൂടുന്നത് അനുവദിക്കുകയില്ലായിരുന്നുവെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.ഹൈക്കോടതിയ്ക്ക് സമീപമുള്ള മദ്യശാലകളില്‍ പോലും 500 പേര്‍ വരെ ക്യൂ നില്‍ക്കുന്നുണ്ട്. ഇവിടെ സാമൂഹിക അകലം പാലിക്കുന്നതിന് യാതൊരു നടപടികളുമില്ല.മദ്യവില്‍പന ബവ്‌കോയുടെ കുത്തകയായിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കോര്‍പ്പറേഷന് സാധിച്ചിട്ടില്ല.

വിവാഹങ്ങള്‍ക്ക് 20 പേര്‍ക്ക് മാത്രം അനുവാദമുള്ളിടത്താണ് മദ്യശാലകള്‍ക്ക് മുമ്പില്‍ 500 പേരുടെ ക്യൂ. എന്തുകൊണ്ടാണ് വരിയിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കാത്തത് എന്ന് ഉദ്യോഗസ്ഥരോട് ചോദിച്ച കോടതി വരി നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടു.മദ്യശാലകള്‍ക്ക് മുമ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് പരാമര്‍ശം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കോടതിക്ക് മറുപടി നല്‍കും.

മദ്യശാലകളിലെ തിരക്കിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

Exit mobile version