ആനവണ്ടി ആംബുലന്‍സായത് വെറുതെയായില്ല; ആശുപത്രിയിലെത്തിച്ച യാത്രക്കാരി സുഖം പ്രാപിക്കുന്നു

തിരുവനന്തപുരം: തക്കസമയത്ത് കുതിച്ച് പാഞ്ഞ് ആംബുലന്‍സായി മാറിയ കെഎസ്ആര്‍ടിസിയുടെ പരിശ്രമം വെറുതെയായില്ല. നെഞ്ചുവേദനയെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ ആശുപത്രിയിലെത്തിച്ച യാത്രക്കാരി സുഖം പ്രാപിക്കുന്നു. യാത്രക്കാരിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാലര കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കെഎസ്ആര്‍ടിസി പാഞ്ഞെത്തുന്നതും പോലീസിന്റെ സഹായത്തോടെ യാത്രക്കാരിയെ താങ്ങിയെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയായിരുന്നു.

പാപ്പനംകോട് ഡിപ്പോയിലെ ജീവനക്കാരായ കണ്ടക്ടര്‍ ശ്രീകാന്തും ഡ്രൈവര്‍ രാജേഷുമാണ് കെഎസ്ആര്‍ടിസിയെ അന്ന് ആംബുലന്‍സാക്കി മാറ്റി യാത്രക്കാരിയുടെ ജീവന്‍ രക്ഷിക്കാന്‍ കൃത്യസമയത്ത് ഇടപെട്ടത്. നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിലായിരുന്നു സംഭവം.

നെഞ്ചു വേദനയനുഭവപ്പെട്ട യാത്രക്കാരിയെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിയിരുന്നതിനാല്‍ മറ്റ് വാഹനങ്ങളെ ആശ്രയിക്കാതെ യാത്രക്കാരുടെ സമ്മതത്തോടെ ബസ് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. 4 കിലോമീറ്റര്‍ അപ്പുറമുള്ള സ്വകാര്യ ആശുപത്രിയിലേക്കു കുതിച്ച ബസിലെ യാത്രക്കാരും ഇടയ്ക്കുള്ള സ്‌റ്റോപ്പുകളില്‍ നിര്‍ത്തണമെന്ന് ശാഠ്യം പിടിക്കാതെ ദൗത്യത്തിന് ഒപ്പം നിന്നിരുന്നു. പിന്നീട് എസ്‌കോര്‍ട്ടുമായി പോലീസും എത്തിയതോടെ തടസ്സങ്ങളില്ലാതെ ആശുപത്രിയിലെത്തി.

സ്‌ട്രെച്ചര്‍ എത്താന്‍ കാത്തുനിന്ന് സമയം നഷ്ടമാകാതിരിക്കാന്‍ പോലീസുകാരന്‍ യാത്രക്കാരിയെ എടുത്തുയര്‍ത്തി ആശുപത്രിക്കുള്ളിലേക്ക് ഓടുകയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരന്‍ പകര്‍ത്തിയ വിഡിയോ കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Exit mobile version