ക്രോസിനാദി വടകമുണ്ടാക്കാന്‍ ആണോ? ആയുര്‍വേദ ആശുപത്രിയിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും അലോപ്പതി കടത്ത്; കൈയ്യോടെ പിടികൂടി എക്‌സൈസ്; സോഷ്യല്‍മീഡിയയില്‍ ട്രോള്‍ മഴ

തെന്മല: ആയുര്‍വേദ ആശുപത്രിയിലേക്ക് അലോപ്പതി മരുന്ന് അനധികൃതമായി എത്തിച്ച് നടത്തുന്ന വന്‍ തട്ടിപ്പ് കൈയ്യോടെ എക്‌സൈസ് പിടികൂടി. ആയുര്‍വേദ ആശുപത്രിയിലേക്ക് തമിഴ്‌നാട്ടില്‍ നിന്നുമാണ് രേഖകളില്ലാതെ കാറില്‍ അലോപ്പതി മരുന്നെത്തിച്ചത്. ഇവ ആര്യങ്കാവ് എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടികൂടിയതോടെയാണ് കള്ളി വെളിച്ചത്തായത്. വ്യാഴാഴ്ച രാത്രി 9നായിരുന്നു സംഭവം.

പുനലൂര്‍ കലയനാടുള്ള ഒരു സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലേക്കാണ് മരുന്നുകള്‍ കൊണ്ടുവന്നതെന്ന് കാറിന്റെ ഡ്രൈവര്‍ മൊഴി നല്‍കി. 21 കി. ഗ്രാം തൂക്കമുള്ള മരുന്നില്‍ 5 കിലോ ഗുളിക രൂപത്തിലും ബാക്കി പൊടി രൂപത്തിലുമായിരുന്നു. എക്‌സൈസ് വിഭാഗം അറിയിച്ചതനുസരിച്ച് തിരുവനന്തപുരത്തുനിന്ന് ആയുര്‍വേദ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ മരുന്ന് ആയുര്‍വേദമല്ലെന്നും അലോപ്പതിയാണെന്നും തിരിച്ചറിഞ്ഞു.

ആയുര്‍വേദ മരുന്നിന് വീര്യം കൂടുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള മരുന്നുകള്‍ ചേര്‍ക്കുന്നതെന്നാണ് സൂചന. അലോപ്പതി ഡ്രഗ്‌സ് വിഭാഗം സ്ഥലത്തെത്തി സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അതേസമയം, സംഭവം വാര്‍ത്തയായതോടെ സോഷ്യല്‍മീഡിയയിലും ട്രോള്‍ വര്‍ഷമാണ്. ക്രോസിനാദി വടകവും ജെല്യൂസിലാദി ലേഹ്യവും ഉണ്ടാക്കാനാണോ ഈ മരുന്നെന്നാണ് ചോദ്യം. കിന്നരിപ്പുഴയോരം ചിത്രത്തിലെ ജഗതിയുടെ വ്യാജമരുന്ന് നിര്‍മ്മാണത്തിന്റെ വീഡിയോയും ന്യൂസിനൊപ്പം പ്രചരിക്കുന്നുണ്ട്.

Exit mobile version