തിരുവനന്തപുരം: വീണ്ടും കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടിയായി പിരിച്ചുവിടല്‍. കാലാവധി കഴിഞ്ഞ പിഎസ്സി റാങ്ക് പട്ടികയില്‍ നിന്നു 10 ദിവസം മുമ്പ് കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലികമായി നിയമിച്ച 512 ഡ്രൈവര്‍മാരെയും പിരിച്ചുവിട്ടു. ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരം, 5 വര്‍ഷത്തെ പ്രവൃത്തിപരിചയം ഇവര്‍ക്കു കെഎസ്ആര്‍ടിസിയില്‍ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണു നടപടി.
മറ്റു ജോലി ഉപേക്ഷിച്ച് എത്തിയവരായിരുന്നു പലരും. കൂടാതെ 5000 രൂപ ഡിപ്പോസിറ്റും നല്‍കിയാണു ഇവര്‍ ജോലിക്കു കയറിയത്. ബസുകള്‍ക്ക് ഉണ്ടായേക്കാവുന്ന നഷ്ടങ്ങള്‍ക്കാണു ഡിപ്പോസിറ്റ് ഈടാക്കുന്നത്. 2010ല്‍ നിലവില്‍ വന്ന ഇവര്‍ ഉള്‍പ്പെട്ട റാങ്ക് പട്ടികയുടെ കാലാവധി 2015 ല്‍ അവസാനിച്ചിരുന്നു. മറ്റു ജോലി ഉപേക്ഷിച്ചെത്തിയ തങ്ങളെ ദിവസങ്ങള്‍ക്കകം പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി വഴിയാധാരമാക്കുകയാണ് ചെയ്തതെന്ന് പിരിച്ചുവിടപ്പെട്ടവര്‍ ആരോപിച്ചു.
5 വര്‍ഷത്തെ പ്രവൃത്തിപരിചയമെന്ന മാനദണ്ഡം നിശ്ചയിച്ചതോടെ ഇവരെ താല്‍ക്കാലികമായി വീണ്ടും നിയമിക്കാനുമുള്ള സാധ്യതയും അടഞ്ഞു. അതേസമയം, ഇവരെ പിരിച്ചുവിട്ടതിനെതിരെയും 5 വര്‍ഷത്തെ പ്രവൃത്തി പരിചയം എന്ന മാനദണ്ഡം നിശ്ചയിച്ചതിനെതിരെയും ജീവനക്കാരുടെ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍, താല്‍ക്കാലികമായി നിയമിച്ചവരെ എല്ലാം പിരിച്ചുവിടാനുള്ള കോടതി ഉത്തരവ് പാലിക്കുകയാണു ചെയ്തതെന്ന് ഗതാഗത വകുപ്പ് വിശദീകരിക്കുന്നു. അതിനിടെ, ദിവസവേതന അടിസ്ഥാനത്തില്‍ ഇന്നലെ 712 ഡ്രൈവര്‍മാര്‍ ജോലിക്കു കയറിയിട്ടുണ്ട്.
