കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാരെ തിരിച്ചെടുക്കും; ദിവസ വേതനക്കാരായി നിയമനം

എംപാനല്‍ ഡ്രൈവര്‍മാര്‍ ജോലിയില്‍ തിരിച്ചെത്തുന്നതോടെ സര്‍വീസ് നടത്തുന്നതിലെ പ്രതിസന്ധിക്ക് കുറവു വരും.

തിരുവനന്തപുരം: പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ കെഎസ്ആര്‍ടിസി തിരിച്ചെടുക്കുന്നു. ദിവസവേതന ജീവനക്കാരായി തിരിച്ചെടുക്കാനാണ് നിലവിലെ തീരുമാനം. ജീവനക്കാരുടെ കുറവ് മൂലം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പ്രതിസന്ധിയിലായതോടെയാണ് തീരുമാനം. അടുത്ത ദിവസം മുതല്‍ ദിവസവേതനക്കാരായി എംപാനല്‍ ഡ്രൈവര്‍മാര്‍ ജോലിയില്‍ തിരിച്ചെത്തുന്നതോടെ സര്‍വീസ് നടത്തുന്നതിലെ പ്രതിസന്ധിക്ക് കുറവു വരും.

2107 എം പാനല്‍ ഡ്രൈവര്‍മാരെയാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം പിരിച്ചുവിട്ടത്. ഇതോടെ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പ്രതിസന്ധിയിലായിരുന്നു. സര്‍വീസുകള്‍ പലതും നിലച്ചതോടെ കെഎസ്ആര്‍ടിസിയെ ആശ്രയിച്ചിരുന്ന യാത്രക്കാരും വലഞ്ഞു.

എം പാനല്‍ ഡ്രൈവര്‍മാരെ ഏപ്രിലില്‍ പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ വിധി നടപ്പാക്കാന്‍ സുപ്രീംകോടതി ജൂണ്‍ 30 വരെ സാവകാശം അനുവദിക്കുകയായിരുന്നു. പിഎസ്‌സി ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്താത്തതിനാല്‍ ഡ്രൈവര്‍മാരുടെ ക്ഷാമം തുടരുകയാണ്. ഇതോടെയാണ് ഇവര്‍ക്ക് കരാര്‍ ജീവനക്കാരായി നിയമനം നല്‍കുന്നത്. 550 രൂപയാണ് ഒരു ഡ്യൂട്ടിക്ക് വേതനം ലഭിക്കുക. മറ്റ് ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ല.

Exit mobile version