അബ്ദുള്ളക്കുട്ടിയും സെന്‍കുമാറും ബിജെപിയിലേക്ക് പോയത് നിലപാടുണ്ടായിട്ടല്ല; എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചാണ്; നിലപാട് വ്യക്തമാക്കി ഇന്ദ്രന്‍സ്

നിലപാടുണ്ടായിട്ടല്ല ഇവരൊക്കെ പോകുന്നത്. എന്തെങ്കിലും കിട്ടുമെന്ന് വിചാരിച്ചിട്ടാണ്.

കോഴിക്കോട്: ബിജെപിയിലേക്ക് അടുത്തകാലത്തായി ഉണ്ടായ കൂട്ടമായ ഒഴുക്ക് നിലപാട് ഉണ്ടായിട്ടല്ല എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടാണെന്ന് ചലച്ചിത്ര താരം ഇന്ദ്രന്‍സ്. മുന്‍ ഡിജിപി ടിപി സെന്‍കുമാറും കോണ്‍ഗ്രസ് മുന്‍ നേതാവ് അബ്ദുള്ളകുട്ടിയും ഐഎഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസും അടക്കമുള്ളവരുടെ ബിജെപിയിലേക്കുള്ള ഒഴുക്കിന് പിന്നില്‍ എന്തെങ്കിലും കിട്ടുമെന്നുള്ള പ്രതീക്ഷയാണെന്ന് ഇന്ദ്രന്‍സ് ട്വന്റിഫോര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘നിലപാടുണ്ടായിട്ടല്ല ഇവരൊക്കെ പോകുന്നത്. എന്തെങ്കിലും കിട്ടുമെന്ന് വിചാരിച്ചിട്ടാണ്. അതില്‍ ഒരു പ്രത്യയശാസ്ത്രവും കാണത്തില്ല. അത് പിന്നീട് മാറിക്കോളും. ഇപ്പോള്‍ പോകുന്നവരൊക്കെ ഒഴുക്കിനൊത്ത് നില്‍ക്കുക എന്ന് പറയുന്നത് പോലെതന്നെയാണ്.’ ഇന്ദ്രന്‍സ് പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും മനസ് മടുത്താല്‍ വിട്ട് പോവുകയല്ല, നിശബ്ദരാവുകയാണ് ചെയ്യുകയെന്നും നിലപാടില്ല എന്നതാണ് പോകുന്നതില്‍ നിന്ന് മനസിലാക്കേണ്ടതെന്നും ഇന്ദ്രന്‍സ് അഭിപ്രായപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ കനത്ത പരാജയത്തെ കുറിച്ചും ശബരിമല വിഷയത്തെ കുറിച്ചും ഇന്ദ്രന്‍സ് പ്രതികരിച്ചു. ഈ പരാജയം പാര്‍ട്ടിക്ക് വരേണ്ട സാഹചര്യമേ ആയിരുന്നില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. കാലം മാറുന്നതിനനുസരിച്ച് ആഗ്രഹിക്കുന്നവര്‍ക്ക് ദൈവത്തിന്റെ അടുത്തേക്ക് പോകാം. പക്ഷെ അത് വേണം എന്നുള്ളവരെ തടയേണ്ടതുമില്ല. കാലങ്ങളായി നടക്കുന്ന കേസാണ്.

ഇത്രയും മാറ്റവും പുരോഗതിയും പറയുമ്പോഴും സുപ്രീം കോടതിയുടെ ഉത്തരവ് വരുമ്പോള്‍ അത് നടപ്പാക്കേണ്ട ബാധ്യതയില്ലേ. അതേ ഞാന്‍ വിശ്വസിക്കുന്നൊരു പാര്‍ട്ടി ചെയ്തുള്ളു. എന്നാല്‍ പൂര്‍ണ്ണമായും ശബരിമലയാണ് വിഷയമെന്ന് എനിക്ക് തോന്നുന്നില്ല. കുറച്ചൊക്കെ കേന്ദ്ര ഭരണത്തെക്കുറിച്ചും കൊണ്ടുമാണ്. നമ്മള്‍ മലയാളികള്‍ക്ക് കുറേ ബോധമുള്ളത് കൊണ്ട് ഈ തെരഞ്ഞെടുപ്പ് ബാധിക്കേണ്ടത് എവിടെയാണ് എന്ന തിരിച്ചറിവും കൂടെയുണ്ടായി ഇന്ദ്രന്‍സ് പറഞ്ഞു.

ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനമില്ലെന്നും ഒരാളെ ഉപദ്രവിക്കുകയോ അല്ലെങ്കില്‍ അവകാശം നിഷേധിക്കപ്പെടുകയോ ചെയ്യുമ്പോള്‍ ആ പക്ഷത്ത് നില്‍ക്കുന്നതാണ് കമ്മ്യൂണിസമെങ്കില്‍ അതില്‍ തന്നെയാണ് വിശ്വാസമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

Exit mobile version