ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളംകളിക്ക് സച്ചിന്‍ മുഖ്യാതിഥി; ജുലൈ പതിനൊന്ന് മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും

ഓഗസ്റ്റ് പത്തിനാണ് വള്ളംകളി

ആലപ്പുഴ: അറുപത്തിയോഴാമത് നെഹ്‌റു ട്രോഫി വള്ളം കളിക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ മുഖ്യാതിഥി. കഴിഞ്ഞ വര്‍ഷത്തെ വള്ളംകളിക്ക് മുഖ്യാതിഥി സച്ചിന്‍ ആയിരുന്നു. പക്ഷേ പ്രളയം കാരണം സച്ചിന് എത്താന്‍ സാധിച്ചിരുന്നില്ല. ഓഗസ്റ്റ് പത്തിനാണ് വള്ളംകളി.

ഇത്തവണ നെഹ്‌റു ട്രോഫിക്കൊപ്പം തന്നെ ഐപിഎല്‍ മാതൃകയില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗിനും തുടക്കം കുറിക്കും. രാവിലെ ആണ് ചെറുവള്ളങ്ങളുടെ മത്സരം നടക്കുക. ഉച്ചതിരിഞ്ഞാണ് ചുണ്ടന്‍വള്ളങ്ങള്‍ പുന്നമടക്കായിലില്‍ നെഹ്‌റു ട്രോഫിക്കായി തുഴയെറിയുക. വൈകുന്നേരം നാലിനും അഞ്ചിനും ഇടയിലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ആദ്യമത്സരം.

ലീഗിലെ ആദ്യ സ്ഥാനക്കാര്‍ക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. 40 കോടി ചെലവിട്ടാണ് സിബിഎല്‍ സംഘടിപ്പിക്കുന്നത്. അഞ്ച് കൊല്ലത്തിനകം 130 കോടി വരുമാനമാണ് ഇതിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ജൂലൈ പതിനൊന്ന് മുതലാണ് നെഹ്‌റു ട്രോഫിക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത്.

Exit mobile version