കീറി എറിഞ്ഞ് രഹസ്യം സൂക്ഷിക്കല്‍ പഴങ്കഥ; ഇനി രജിസ്റ്റര്‍ വിവാഹം രഹസ്യമല്ല, പരസ്യം തന്നെ; വെബ്‌സൈറ്റില്‍ കാണാം

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുന്നവരുടെ വിവരങ്ങളാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക.

തിരുവനന്തപുരം: രജിസ്റ്റര്‍ വിവാഹങ്ങള്‍ ഇനി എല്ലാവരുടേയും അറിവോടെ മാത്രം രഹസ്യമായി സൂക്ഷിക്കാം! വിവാഹിതരുടെ ഫോട്ടോയും അഡ്രസും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ നടപടിയായി. നോട്ടീസ് ബോര്‍ഡുകള്‍ക്ക് പുറമെയാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുന്നവരുടെ വിവരങ്ങളാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക.

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍ അപേക്ഷകരുടെ വിവരം ഫോട്ടോ സഹിതം പരസ്യപ്പെടുത്തി ആക്ഷേപങ്ങള്‍ സ്വീകരിക്കുകയും തീര്‍പ്പാക്കുകയും വേണമെന്നാണ് ചട്ടം.

എന്നാല്‍, മിക്കവാറും പ്രണയിച്ച് രജിസ്റ്റര്‍ വിവാഹം കഴിക്കുന്നവര്‍ രജിസ്ട്രാര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ നിന്നും ഫോട്ടോ സഹിതമുള്ള അറിയിപ്പ് കീറി മാറ്റുന്നത് പതിവായതോടെയാണ് നടപടി കര്‍ശനമാക്കാന്‍ ഒരുങ്ങുന്നത്. ഈ സംവിധാന പ്രകാരം രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ സ്‌പെഷ്യല്‍ മാര്യേജ് നോട്ടീസില്‍ സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലേയും വിവാഹ രജിസ്‌ട്രേഷന് അപേക്ഷിച്ചവരുടെ ഫോട്ടോ സഹിതമുള്ള വിവരം ലഭിക്കും.

അതേസമയം, വിദേശികളെ വിവാഹം ചെയ്യുന്നതിനായുള്ള അപേക്ഷകളുടെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

Exit mobile version