ഉച്ചഭക്ഷണവും പാലും മുട്ടയും മാത്രമല്ല, പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഇനിമുതല്‍ പഴവും നല്‍കും

ഇതിനുള്ള സമഗ്ര പദ്ധതി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സമര്‍പ്പിച്ചു

തിരുവനന്തപുരം: ഉച്ചഭക്ഷണത്തിനൊപ്പം ഇനി പൊതുവിദ്യാലയങ്ങളില്‍ പഴവര്‍ഗങ്ങളും. ഒന്നു മുതല്‍ എട്ടുവരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 28 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കായാണ് പുതിയ പദ്ധതി. ഇതിനുള്ള സമഗ്ര പദ്ധതി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സമര്‍പ്പിച്ചു.

നിലവില്‍ വിദ്യാലയങ്ങളില്‍ ചോറിനൊപ്പം പയറ് വര്‍ഗങ്ങളും പച്ചക്കറിയും ഉള്‍പ്പെടുന്ന കറികളും ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയും നല്‍കുന്നുണ്ട്. ഇതിന് പുറമെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഴവും നല്‍കുക. പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകും.

ഇതോടെ കേരളം ഉച്ചഭക്ഷണത്തിന് പുറമെ പാലും പഴവും മുട്ടയും കുട്ടികള്‍ക്കു നല്കുന്ന രാജ്യത്തെ ഏക സംസ്ഥാനമായി മാറും. പൊതുവിദ്യായലയങ്ങളിലെ ഓരോ വിദ്യാര്‍ത്ഥിക്കും ആഴ്ചയില്‍ രണ്ട് ദിവസമായി 10 രൂപയുടെ പഴം നല്‍കും. വിഷരഹിതമായ വാഴപ്പഴം, മാങ്ങ, പേരയ്ക്ക, പപ്പായ, നെല്ലിക്ക എന്നിവയാണ് നല്‍കുക.

Exit mobile version