ഭാര്യയുമായി പിണങ്ങി; റെയില്‍ പാളത്തില്‍ കിടന്ന് സെല്‍ഫി എടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്ത് യുവാവിന്റെ ആത്മഹത്യ ഭീഷണി, പിന്നീട് സംഭവിച്ചത്!

ഭാര്യയുമായി പിണങ്ങി വീട് വിട്ടിറങ്ങി ആത്മഹത്യ ചെയ്യാനെത്തിയ യുവാവാണ് സെല്‍ഫിയിലൂടെ ജീവന്‍ തിരിച്ച് ലഭിച്ചത്

ചങ്ങനാശ്ശേരി: ആത്മഹത്യ ചെയ്യാനെത്തിയ യുവാവിന് സെല്‍ഫി രക്ഷകനായി. ഭാര്യയുമായി പിണങ്ങി വീട് വിട്ടിറങ്ങി ആത്മഹത്യ ചെയ്യാനെത്തിയ യുവാവാണ് സെല്‍ഫിയിലൂടെ ജീവന്‍ തിരിച്ച് ലഭിച്ചത്. വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയ പോയ യുവാവ് താന്‍ മരിക്കാന്‍ പോകുന്നു എന്നറിയിച്ച് റെയില്‍ പാളത്തില്‍ കിടക്കുന്ന സെല്‍ഫി സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തു.

സന്ദേശം കണ്ട് സുഹൃത്തുകള്‍ യുവാവിനെ തേടിയിറങ്ങി എന്നാല്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് യുവാവ് അയച്ചുകൊടുത്ത സെല്‍ഫി സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ റെയില്‍വേ പാളത്തിനു സമീപമുള്ള മൈല്‍ക്കുറ്റിയുടെ നമ്പര്‍ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് മൈല്‍ക്കുറ്റി കണ്ടെത്താനായി ശ്രമം ആരംഭിച്ചു.

ഇതിനിടയില്‍ കേരള എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന ചങ്ങനാശേരി സ്വദേശിയായ ഒരാള്‍ക്കും യുവാവിന്റെ സെല്‍ഫി സന്ദേശം ഫോര്‍വേഡ് ചെയ്തു കൊടുത്തു. തുടര്‍ന്ന് തിരുവല്ലയില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഇയാള്‍ ലോക്കോ പൈലറ്റിന്റെ അടുത്തെത്തി മൈല്‍ക്കുറ്റിയുടെ നമ്പരിനെക്കുറിച്ചും ആത്മഹത്യ ചെയ്യാന്‍ കിടക്കുന്ന യുവാവിനക്കുറിച്ചും വിവരിച്ചു.

ശേഷം സുഹൃത്തുകള്‍ മൈല്‍കുറ്റി കണ്ടെത്തുകയും യുവാവിനെ രക്ഷപ്പെടുത്തുകയും ചെയ്തു. മൈല്‍ക്കുറ്റിയുടെ സമീപം ട്രെയിന്‍ എത്തുന്നതിനു മിനിറ്റുകള്‍ക്കു മുന്‍പ് പാളത്തിന്റെ നടുവില്‍ കിടന്നിരുന്ന യുവാവിനെ സുഹൃത്തുക്കള്‍ കണ്ടെത്തി. ട്രെയിന്‍ തട്ടാതിരിക്കാന്‍ യുവാവിനെ തള്ളി മാറ്റി. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ദുരന്തം വഴി മാറി.

Exit mobile version