കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന ആവശ്യം നടപ്പാക്കിയില്ല; ഒടുവില്‍ മണല്‍ച്ചാക്ക് കൊണ്ട് കടല്‍ഭിത്തി നിര്‍മ്മിച്ച് എറിയാടിലെ മത്സ്യത്തൊഴിലാളികള്‍

എറിയാട് തീരത്ത് മഴക്കാലമായാല്‍ കടല്‍ ക്ഷോഭം മൂലം വീടുകള്‍ നശിക്കുന്നത് പതിവാണ്

തൃശ്ശൂര്‍: തൃശ്ശൂര്‍ എറിയാടിലെ തീരദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് കടല്‍ക്ഷോഭം തടയാന്‍ വേണ്ടി കടല്‍ഭിത്തി വേണമെന്നത്. എന്നാല്‍ കാലമിത്രയായിട്ടും ഇവരുടെ ആവശ്യത്തിന് നേരെ കണ്ണടച്ചിരിക്കുകയാണ് വേണ്ടപ്പെട്ട അധികാരികള്‍. ഇതേതുടര്‍ന്ന് കടല്‍ ക്ഷോഭം തടയാന്‍ വേണ്ടി മണല്‍ച്ചാക്ക് കൊണ്ട് താല്‍ക്കാലിക കടല്‍ ഭിത്തി നിര്‍മ്മിച്ചിരിക്കുകയാണ് തൃശ്ശൂര്‍ എറിയാടിലെ മത്സ്യത്തൊഴിലാളികളുടെ കൂട്ടായ്മ. 500 മീറ്ററിലാണ് ഇവര്‍ കടല്‍ഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്.

എറിയാട് തീരത്ത് മഴക്കാലമായാല്‍ കടല്‍ ക്ഷോഭം മൂലം വീടുകള്‍ നശിക്കുന്നത് പതിവാണ്. ഇത്തവണയും ഇതിന് ഒരു മാറ്റവും ഉണ്ടാവില്ല എന്ന് കണ്ടത് കൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ താല്‍ക്കാലിക കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

പ്രദേശത്തെ യുവാക്കളാണ് താല്‍ക്കാലിക കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ മുന്‍കൈയ്യെടുത്തത്. മൂവായിരത്തിലേറെ ചാക്കുകളിലാണ് മണല്‍ നിറച്ചിരിക്കുന്നത്. കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെ നിരവധി തീരപ്രദേശങ്ങള്‍ കടല്‍ ക്ഷോഭ ഭീഷണിയിലാണ്.

Exit mobile version