അന്ധനായ ലോട്ടറി വില്‍പ്പനക്കാരനെ കബളിപ്പിച്ച് ലോട്ടറി തട്ടിയെടുത്ത സംഭവം; എറണാകുളം സ്വദേശി പിടിയില്‍

എറണാകുളം സ്വദേശി സുനിലിനെയാണ് പോലീസിനെ പിടികൂടിയത്

തിരുവനന്തപുരം: അന്ധനായ ലോട്ടറി വില്‍പ്പനക്കാരന്റെ കൈയ്യില്‍ നിന്നും ലോട്ടറി മോഷ്ടിച്ച യുവാവ് പോലീസ് പിടിയില്‍. എറണാകുളം സ്വദേശി സുനിലിനെയാണ് പോലീസിനെ പിടികൂടിയത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് തമ്പാനൂരിലെ കെഎസ്ആര്‍ടിസി സെന്‍ട്രല്‍ സ്റ്റാന്‍ഡിലായിരുന്നു സംഭവം. അന്ധനായ ലോട്ടറി വില്‍പനക്കാരനെ സമീപിച്ച സുനില്‍ ലോട്ടറികള്‍ നോക്കാനെന്ന മട്ടില്‍ വാങ്ങിയ ശേഷം അവിടെ നിന്ന് മുങ്ങുകയായിരുന്നു.

ലോട്ടറി നഷ്ടമായ വില്‍പനക്കാരന്‍ തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റാന്‍ഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് മോഷണം കണ്ടെത്തുകയും അത് പുറത്തു വിട്ടുകയും ചെയ്തു. ഇത് ഇന്നലെ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഒടുവില്‍ രാത്രിയോടെ തിരുവനന്തപുരത്തെ ആര്‍പിഎഫ് സ്റ്റേഷന് സമീപം ഒളിച്ചിരിക്കുന്ന നിലയില്‍ ഇയാളെ റെയില്‍വേ പോലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ സ്ഥിരമായി ട്രെയിനുകളില്‍ മോഷണം നടത്തുന്ന ആളാണെന്നും നിരവധി കേസുകളില്‍ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി. ഇയാളെ ഇപ്പോള്‍ തമ്പാനൂര്‍ സ്റ്റേഷനിലെത്തിച്ച് പോലീസ് ചോദ്യം ചെയ്യുകയാണ്.

Exit mobile version