സ്വന്തം ചോരയാണെന്ന് പോലും മറന്ന് ക്രൂരത; ഒരു വര്‍ഷത്തിനിടെ സ്വന്തം വീടുകളില്‍ ലൈംഗികാതിക്രമത്തിന് ഇരയായത് 606 കുട്ടികള്‍

റിപ്പോര്‍ട്ട് ചെയ്ത ലൈംഗികാതിക്രമകേസുകളില്‍ 60 എണ്ണത്തില്‍ അച്ഛനാണ് വില്ലന്‍

തിരുവനന്തപുരം: ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് സ്വന്തം വീടുകളില്‍ നിന്ന് ലൈംഗികാതിക്രമത്തിന് ഇരയായത് 606 കുട്ടികള്‍. 2018 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള ചൈല്‍ഡ്‌ലൈന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അച്ഛന്‍ മുതല്‍ അടുത്ത ബന്ധുക്കള്‍വരെയാണ് പ്രതിസ്ഥാനത്തുള്ളത്. സ്വന്തം മക്കളെ കഴുകനെപ്പോലെ പിന്തുടരുന്ന ക്രൂരത കേരളത്തില്‍ പതിവ് കഥയായിക്കൊണ്ടിരിക്കുകയാണ്.

ആകെ 1328 കുട്ടികളാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ഇതില്‍ 979പെണ്‍കുട്ടികളും 349 ആണ്‍കുട്ടികളുമാണുള്ളത്. 424 കുട്ടികള്‍ രണ്ട് മുതല്‍ അഞ്ച് തവണ വരെയും 123 പേര്‍ ആറ് മുതല്‍ പത്ത് തവണ വരെയും പീഡിപ്പിക്കപ്പെട്ടു. റിപ്പോര്‍ട്ട് ചെയ്ത ലൈംഗികാതിക്രമകേസുകളില്‍ 60 എണ്ണത്തില്‍ അച്ഛനാണ് വില്ലന്‍. 69 കേസുകളില്‍ രണ്ടാനച്ഛന്‍, 120 എണ്ണത്തില്‍ അമ്മാവന്‍, ബന്ധു-92, മുത്തച്ഛന്‍-35, സഹോദരന്‍ പ്രതികളായി 22 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

അയല്‍ക്കാര്‍-366, കാമുകന്‍-149, അധ്യാപകര്‍-112, സുഹൃത്തുക്കള്‍ പ്രതിസ്ഥാനത്തുള്ള 57 കേസുകളുമുണ്ട്. ഇതില്‍ 141 എണ്ണവും ഗുരുതര ലൈംഗിക ആക്രമണങ്ങളാണ്. വിദ്യാലയത്തില്‍ വെച്ച് 70, സ്‌കൂളിലേക്ക് പോകുംവഴി 29, പ്രതിയുടെ വീട്ടില്‍ വെച്ച് 159 കുട്ടികളും അതിക്രമത്തിന് ഇരയായി. സ്പര്‍ശനം വഴിയുള്ള അതിക്രമം- 182, നോട്ടത്തിലൂടെയും വാക്കുകളിലൂടെയും 77. 26 പോണോഗ്രാഫി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്താണ്. 191 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം-160, കോഴിക്കോട്-120, എറണാകുളം-106, തൃശ്ശൂര്‍-101 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 13നും 15 വയസ്സിനും ഇടയിലാണ് കൂടുതല്‍ കുട്ടികള്‍ അതിക്രമത്തിന് ഇരയായത്. ഈ പ്രായത്തില്‍ 416 പെണ്‍കുട്ടികളും 164 ആണ്‍കുട്ടികളും അതിക്രമത്തിന് ഇരയായി. അഞ്ച് വയസ്സില്‍ താഴെ 61 പെണ്‍കുട്ടികളും 17 ആണ്‍കുട്ടികളും പത്ത് വയസ്സിന് താഴെ 351 പെണ്‍കുട്ടികളും 141 ആണ്‍കുട്ടികളും അതിക്രമത്തിന് ഇരയായതായി ചൈല്‍ഡ്‌ലൈനിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Exit mobile version