യോഗയെ മതപരമായ ചടങ്ങായി ചിലര്‍ തെറ്റിധരിപ്പിക്കുന്നു; യോഗ ആര്‍ക്കും പരിശീലിക്കാം: മുഖ്യമന്ത്രി

യോഗയെ മതപരമായ ചടങ്ങായി ചിലര്‍ തെറ്റിധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാ ദിനത്തില്‍ സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്റേയും ഗവര്‍ണര്‍ പി സദാശിവത്തിന്റെയും നേതൃത്വത്തില്‍ ദിനാചരണം. തിരുവനന്തപുരത്ത് യോഗാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. യോഗയെ മതപരമായ ചടങ്ങായി ചിലര്‍ തെറ്റിധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ കുറ്റപ്പെടുത്തി.

യോഗ മതപരമായ ഒരു ചടങ്ങല്ല. ജാതിമത ഭേദമില്ലാതെ ആര്‍ക്കും യോഗ പരിശീലിക്കാം. ജീവിതശൈലി രോഗങ്ങളുടെ ദോഷങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ടെന്നും ശരീരത്തിനാവശ്യമായ എല്ലാ വ്യായാമങ്ങളും യോഗ പ്രദാനം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം യോഗ വ്യാപിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ നേതൃത്വത്തിലും യോഗാദിനാചരണം നടന്നു. സമാധാനവും ആരോഗ്യവും നിറഞ്ഞ നാട് കെട്ടിപ്പടുക്കാന്‍ യോഗ വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്തും യോഗാ ദിനാചരണം നടന്നു.

Exit mobile version