വിദേശ നിര്‍മ്മിത യന്ത്രത്തില്‍ കള്ളനോട്ടടി; സഹോദരങ്ങള്‍ അറസ്റ്റില്‍, നാട്ടുകാരുടെ മുന്‍പില്‍ ഇവര്‍ അധ്വാനിച്ച് ജീവിക്കുന്നവര്‍!

തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ആലപ്പുഴയിലെ വീട്ടില്‍ കള്ളനോട്ട് അച്ചടിക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭ്യമായത്.

തൃശ്ശൂര്‍: വിദേശ നിര്‍മ്മിത യന്ത്രത്തില്‍ കള്ളനോട്ട് അടിച്ച് വന്ന സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. 1,21,050 രൂപയുടെ കള്ളനോട്ടും കള്ളനോട്ട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച പ്രിന്ററും പോലീസ് ഇവരില്‍ നിന്ന് കണ്ടെടുത്തു. ആലപ്പുഴ വടുതല പള്ളിപ്പറമ്പില്‍ വീട്ടില്‍ ബെന്നി ബെര്‍ണാഡ് (40), സഹോദരന്‍ ജോണ്‍സണ്‍ ബെര്‍ണാഡ് (37) എന്നിവരാണ് പിടിയിലായത്.

തൃശ്ശൂരില്‍ വ്യാപകമായി കള്ളനോട്ട് എത്തുന്നുണ്ടെന്ന വിവരം കുറച്ച് മുമ്പേ ലഭ്യമായിരുന്നു. ഈ സാഹചര്യത്തില്‍ നഗരം പോലീസ് നിരീക്ഷണത്തിലായിരുന്നു. പരിശോധനയും ശക്തമാക്കിയിരുന്നു. ചിലര്‍ നിരീക്ഷണത്തിലും ആയിരുന്നു. ഇതിനിടയിലാണ് ബെന്നി അറസ്റ്റിലാവുന്നത്. ശക്തന്‍ ബസ് സ്റ്റാന്റില്‍ നിന്നുമാണ് ബെന്നിയെ പോലീസ് പിടികൂടിയത്. ബെന്നിയുടെ പക്കല്‍ നിന്ന് 18,000 രൂപയുടെ കള്ളനോട്ട് പിടികൂടി.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ആലപ്പുഴയിലെ വീട്ടില്‍ കള്ളനോട്ട് അച്ചടിക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭ്യമായത്. വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കള്ളനോട്ട് നിര്‍മ്മിക്കുന്ന വിദേശ നിര്‍മ്മിത യന്ത്രം കണ്ടെത്തിയത്. എന്നാല്‍ ഇവരെ പോലീസ് പിടികൂടിയതിന്റെ അമ്പരപ്പിലാണ് നാട്ടുകാര്‍. ഇരുവരും അധ്വാനിച്ച് ജീവിക്കുന്നവരാണെന്ന് നാട്ടുകാര്‍ പറയുന്നു.

ഇതിന്റെ പിന്നില്‍ കള്ളനോട്ടടി ഉണ്ടെന്ന് മനസിലായത് ഇപ്പോഴാണെന്നും ഇവര്‍ പറയുന്നു. വീടിനു സമീപം ഓട്ടോറിക്ഷ ഓടിക്കുകയാണ് സഹോദരന്‍ ജോണ്‍സണ്‍. 2000, 500, 50 എന്നീ രൂപയുടെ നോട്ടുകളാണ് ഇവര്‍ അടിച്ച് ഇറക്കുന്നത്. 2005-ല്‍ പാലക്കാട് ആലത്തൂരില്‍ ലോട്ടറി വില്‍പ്പനക്കാരനായ തിലകനെ കൊന്ന കേസിലെ പ്രതിയാണ് ബെന്നി.

Exit mobile version