യാത്രക്കാർക്ക് ബാക്കിയായി നൽകാൻ സ്വന്തമായി 200, 100, 50 കറൻസികൾ അച്ചടിച്ച് തൃശ്ശൂരിലെ ഓട്ടോ ഡ്രൈവർ; പറ്റിക്കുന്നത് വൃദ്ധരേയും മദ്യപന്മാരേയും;അതിബുദ്ധി വിനയായതോടെ പിടിയിൽ

തൃശൂർ: കള്ളനോട്ട് അച്ചടിച്ച യുവാവ് പിടിയിൽ. കട്ടിലപ്പൂവം കോട്ടപ്പടി വീട്ടിൽ ജോർജിനെ (37) ആണ് തൃശൂർ വെസ്റ്റ് പൊലീസ് പിടികൂടിയത്. പോലീസ് ഇയാളിൽ നിന്നും 100 രൂപയുടെ 24 നോട്ടുകളും 50 രൂപയുടെ 48 നോട്ടുകളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം തന്റെ ഓട്ടോറിക്ഷയിൽ കയറിയ വയോധികയ്ക്ക് ചില്ലറയായി നൽകിയതിൽ രണ്ട് 200 രൂപയുടെയും 100 രൂപയുടെയും നോട്ടുകൾ കള്ളനോട്ടായിരുന്നു.

ഇവർ പിന്നീട് സാധനങ്ങൾ വാങ്ങിക്കാനായി കടയിൽ കൊടുത്തപ്പോഴായിരുന്നു ഇത് കള്ളനോട്ടാണെന്ന് അറിഞ്ഞത്. ഇതോടെ നോട്ടുകൾ കത്തിച്ചു കളഞ്ഞു. പിന്നീട് ഈ വിവരമറിഞ്ഞ സ്പെഷൽ ബ്രാഞ്ച് കമ്മീഷണർക്ക് പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. വെസ്റ്റ് പോലീസ് സംഭവത്തിൽ അന്വേഷണം നടത്താൻ കമ്മിഷണർ നിർദേശം നൽകി. ഇതനുസരിച്ചുള്ള അന്വേഷണത്തിലാണ് അയ്യന്തോൾ ചുങ്കത്ത് വച്ച് ഓട്ടോ ഡ്രൈവറായ ജോർജിനെ പരിശോധിച്ചത്.

കള്ളനോട്ട് പിടികൂടിയതിന് പിന്നാലെയാണ് പോലീസ് കേസെടുത്ത് ജോർജിന്റെ കട്ടിലപൂവത്തുള്ള വീട്ടിൽ പരിശോധന നടത്തിയത്. ഇവിടെ നിന്നും നോട്ട് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച കാനൺ കമ്പനി പ്രിന്ററും നിർമ്മാണാവസ്ഥയിലിരിക്കുന്ന ഒരു വശം അച്ചടിച്ച പേപ്പറുകളും കണ്ടെടുത്തു. പ്രായമായവരെയും മദ്യപൻമാരെയും അന്യ സ്ഥലങ്ങളിൽ നിന്നും വരുന്നവരെയുമൊക്കെയാണ് ഇയാൾ കള്ളനോട്ട് ചില്ലറയായി നൽകി പറ്റിച്ചിരുന്നത്. ചെറിയ തുകയല്ലേ എന്നു കരുതി പറ്റിക്കപ്പെട്ടവർ പരാതി കൊടുക്കാത്തത് ഇയാൾക്ക് പ്രോത്സാഹനമായിരുന്നു. ഇതാണ് പിടിക്കപ്പെടാതിരുന്നത്.

ALSO READ- നടി, മോഡൽ; മന്ത്രിയുമായി അടുത്തബന്ധം; 20 കോടിയുടെ നോട്ടുകെട്ടുകൾ ഇഡി കണ്ടെടുത്തത് ഇവരുടെ വീട്ടിൽ നിന്നും; ആരാണീ അർപ്പിത മുഖർജി?

വെസ്റ്റ് സിഐ ഫർഷാദിന്റെ നേതൃത്വത്തിൽ എസ്‌ഐ കെസി ബൈജു, സിവിൽ പോലീസ് ഓഫീസർമാരായ അബീഷ് ആന്റണി, സിറിൽ എന്നിവർ ചേർന്നാണ് പിടികൂടിയത്. എസ്‌ഐ രമേഷ് കുമാർ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അലക്സാണ്ടർ, സുനീപ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Exit mobile version