ശാന്തിവനത്തിലെ മരച്ചില്ല മുറിക്കാനെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ മുടി മുറിച്ച് പ്രതിഷേധം

മരത്തിന്റെ ശിഖരങ്ങള്‍ മുറിക്കുന്ന അതേസമയത്ത് മീന തന്റെ മുടിമുറിച്ച് പ്രതിഷേധിച്ചത്

കൊച്ചി: ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരം മുറിക്കാനെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ മുടിമുറിച്ച് സ്ഥലമുടമയുടെ പ്രതിഷേധം. പരിസ്ഥിതി സംരക്ഷണത്തില്‍ നാടകം കളിക്കുന്ന സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമാണിതെന്നും മുഖ്യമന്ത്രിക്കും വൈദ്യുതമന്ത്രിക്കുമെതിരെ ഇനിയും പ്രതിഷേധം കടുപ്പിക്കുമെന്നും മുടിമുറിച്ചെടുത്ത് മീന പറഞ്ഞു.

കെഎസ്ഇബിയുടെ വൈദ്യുതി ടവറുകള്‍ സ്ഥാപിച്ച എറണാകുളം പറവൂര്‍ ശാന്തിവനത്തിലെ എട്ട് മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റുമെന്ന് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മരം മുറിക്കാനായി അധികൃതര്‍ എത്തിയെങ്കിലും പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. കുറേ മരങ്ങള്‍ നേരത്തെ മുറിച്ചുമാറ്റിയതാണെന്നും ഇനിയും മരംമുറിക്കുന്നത് അനുവദിക്കാനാകില്ലെന്നും പ്രതിഷേധക്കാര്‍ വാദിച്ചു.

തുടര്‍ന്ന് ശാന്തിവനം സംരക്ഷണസമിതി പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞെങ്കിലും പോലീസ് കാവലില്‍ മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുമാറ്റുകയായിരുന്നു. ഇതിനിടെയാണ് മരത്തിന്റെ ശിഖരങ്ങള്‍ മുറിക്കുന്ന അതേസമയത്ത് മീന തന്റെ മുടിമുറിച്ച് പ്രതിഷേധിച്ചത്.

Exit mobile version