‘മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ സമ്മതിക്കാതെ ആര്‍പ്പു വിളിച്ച ഫാന്‍സിനെ ലാലേട്ടന്‍ നിയന്ത്രിക്കണമായിരുന്നു’; ഹരീഷ് പേരടി

മുഖ്യമന്ത്രിയും മോഹന്‍ലാലും ഒരുമിച്ച് പങ്കെടുത്ത വേദിയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മോഹന്‍ലാല്‍ ആരാധകര്‍ ആര്‍പ്പുവിളിച്ചിരുന്നു

തൃശ്ശൂര്‍: മുഖ്യമന്ത്രി വേദിയില്‍ സംസാരിക്കുന്നതിന് ഇടയില്‍ മോഹന്‍ലാല്‍ ഫാന്‍സ് ആര്‍പ്പുവിളിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹരീഷ് പേരടി രംഗത്ത്. മുഖ്യമന്ത്രിയും മോഹന്‍ലാലും ഒരുമിച്ച് പങ്കെടുത്ത വേദിയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മോഹന്‍ലാല്‍ ആരാധകര്‍ ആര്‍പ്പുവിളിച്ചിരുന്നു. ഇതിനെതിരെയാണ് ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രി സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ സമ്മതിക്കാതെ ആര്‍പ്പു വിളിച്ച ഫാന്‍സിനെ ലാലേട്ടന്‍ നിയന്ത്രിക്കണമായിരുന്നുവെന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. ലോക സിനിമയിലെ നല്ല പത്ത് നടന്‍മാരില്‍ ഒരാളാണ് എന്ന് ഞാന്‍ വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ട ലാലേട്ടന്‍ ഈ ആരാധക കൂട്ടത്തിന് ഒരു കടിഞ്ഞാണിടുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രി സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ സമ്മതിക്കാതെ ആര്‍പ്പു വിളിച്ച ഫാന്‍സിനെ ലാലേട്ടന്‍ നിയന്ത്രിക്കണമായിരുന്നു … അത് പിണറായിയായാലും
മോദിയായാലും അമിത് ഷായായാലും ഉമ്മന്‍ ചാണ്ടി യായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ എത് ഫാന്‍സും ബഹുമാനിച്ചെ പറ്റു…. അതല്ലങ്കില്‍ ജനാധിപത്യ രീതിയിലൂടെ അവര്‍ക്കെതിരെ അവരുടെ നയങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്ന് കാണിക്കുന്ന സമരം ചെയ്യണം… ലോക സിനിമയിലെ നല്ല പത്ത് നടന്‍മാരില്‍ ഒരാളാണ് എന്ന് ഞാന്‍ വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ട ലാലേട്ടന്‍ ഈ ആരാധക കൂട്ടത്തിന് ഒരു കടിഞ്ഞാണിടുമെന്ന് വിശ്വസിച്ചു കൊണ്ട് … എന്റെ ഈ പോസ്റ്റിന് ഫാന്‍സിന്റെ എല്ലാ തെറി വിളികളെയും സ്വാഗതം ചെയ്യുന്നു… ലാലേട്ടനെ പറ്റി നല്ലതു പറഞ്ഞപ്പോള്‍ നിങ്ങളുടെ പൂച്ചെണ്ടുകള്‍ ഞാന്‍ ഏറ്റു വാങ്ങിയിട്ടുണ്ട് … അതിന് നന്ദിയും പറയുന്നു …എന്നാലും പറയാനുള്ളത് പറഞ്ഞു കൊണ്ടെയിരിക്കും…

Exit mobile version