ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ; സംസ്ഥാനത്തും നാളെ ഡോക്ടര്‍മാര്‍ പണിമുടക്കും; സമരം അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ ഒപി പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം: പശ്ചിമ ബംഗാളില്‍ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഐഎംഎ നടത്തുന്ന രാജ്യ വ്യാപക പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തും നാളെ ഡോക്ടര്‍മാര്‍ പണിമുടക്കും. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയാകും പണിമുടക്ക്.

സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ ഒപി പ്രവര്‍ത്തിക്കില്ല. സംസ്ഥാനത്തെ ദന്ത ആശുപത്രികള്‍ അടച്ചിടും. അതെസമയം ഐസിയു, ലേബര്‍ റൂം, അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. ആര്‍സിസിയില്‍ സമരം ഉണ്ടാകില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വാകാര്യ പ്രാക്ടീസും ഉണ്ടാകില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ രാവിലെ 8 മുതല്‍ 10 വരെ പണിമുടക്കും. മെഡിക്കല്‍ കോളെജുകളില്‍ രാവിലെ പത്ത് മുതല്‍ 11 വരെ ഡോക്ടര്‍മാര്‍ പണിമുടക്കും.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 മണിക്കാണ് ബംഗാളിലെ എന്‍ആര്‍എസ് ആശുപത്രിയില്‍ വച്ച് ഡോക്ടര്‍മാര്‍ക്ക് മര്‍ദനം ഏറ്റത്. ആശുപത്രിയില്‍ കൊണ്ടുവന്ന രോഗി മരിച്ചതുമായി ബന്ധപ്പെട്ട വിഷയത്തെ തുടര്‍ന്ന് രോഗിയുടെ ബന്ധുക്കളാണ് ജൂനിയര്‍ റെസിഡന്‍ഷ്യല്‍ ഡോക്ടറെ മര്‍ദിച്ചത്. സംഭവത്തില്‍ ഡോക്ടറുടെ തലയ്ക്ക് ഗുതുതരമായി പരിക്കേറ്റിരുന്നു.

അക്രമത്തില്‍ പ്രതിഷേധിച്ച് റെസിഡന്‍ഷ്യല്‍ ഡോക്ടര്‍മാര്‍ സമരം ചെയ്തിരുന്നു. എന്നാല്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ നാല് മണിക്കൂറിനുള്ളില്‍ സമരം അവസാനിപ്പിച്ച് ജോലിക്ക് കയറിയില്ലെങ്കില്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താകുമെന്ന താക്കീതാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി നല്‍കിയത്. ഇതാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കിയത്.

പിന്നാലെ ബംഗാളിലെ കൂടുതല്‍ ഡോക്ടര്‍മാര്‍ സമരം ഏറ്റെടുക്കുകയും മമതാ ബാനര്‍ജി മാപ്പ് പറയണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ഡോക്ടര്‍മാര്‍ക്ക് നേരെ നടക്കുന്ന അക്രമണം കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ രംഗത്ത് വന്നു. തുടര്‍ന്ന് ഐഎംഎ ബംഗാളിലെ ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യവ്യാപകമായി തിങ്കളാഴ്ച പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം, മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ചര്‍ച്ച ക്യാമറയ്ക്ക് മുന്നില്‍ വേണമെന്നും സ്ഥലം മമതയ്ക്ക് തീരുമാനിക്കാമെന്നുമാണ് സമരക്കാര്‍ അറിയിച്ചിരിക്കുന്നത്.

Exit mobile version