ഒരു യാത്ര പോകുന്നു എന്ന് മെസേജ് അയച്ച് ഫോണ്‍ ഓഫ് ചെയ്ത സിഐ നവാസ് നാട്ടിലെ പുകിലൊന്നും അറിഞ്ഞില്ല; ഒടുവില്‍ നിര്‍ണായകമായ ‘ക്ലൂ’ ലഭിച്ചത് ഫോണ്‍ ഓണ്‍ ചെയ്തതോടെ

കൊച്ചിയിലെ സെന്‍ട്രല്‍ സിഐ നവാസ് പിന്നാലെ നാട്ടില്‍ സംഭവിച്ചതൊന്നും അറിഞ്ഞിരുന്നില്ലെന്ന് സൂചന.

കൊച്ചി: ഒരു യാത്ര പോകുന്നുവെന്ന് ഭാര്യയ്ക്ക് മെസേജ് അയച്ച് മൂന്ന് ദിവസം വീട്ടില്‍ നിന്നും മാറി നിന്ന കൊച്ചിയിലെ സെന്‍ട്രല്‍ സിഐ നവാസ് പിന്നാലെ നാട്ടില്‍ സംഭവിച്ചതൊന്നും അറിഞ്ഞിരുന്നില്ലെന്ന് സൂചന. കുറച്ചു ദിവസം മാറി നില്‍ക്കുക എന്ന ലക്ഷ്യത്തോടെ വീടും നാടും വിട്ട് ഇറങ്ങിയ നവാസ് തന്റെ തിരോധാനം സംബന്ധിച്ച് മാധ്യമങ്ങളില്‍ ഉള്‍പ്പടെ കൊണ്ടുപിടിച്ച ചര്‍ച്ച നടക്കുന്നത് ഒന്നും തന്നെ അറിഞ്ഞിരുന്നില്ല. തന്നെ കണ്ടെത്താന്‍ കൊച്ചി ഡിസിപിയുടെ നേതൃത്വത്തില്‍ ഇരുപത് പൊലീസുകാരുടെ പ്രത്യേകസംഘം തന്നെ രൂപീകരിച്ചതെല്ലാം തമിഴ്‌നാട്ടില്‍ നിന്നും റെയില്‍വേ പോലീസ് കണ്ടെത്തുമ്പോഴാണ് നവാസ് അറിഞ്ഞത്.

റെയില്‍വേ പോലീസ് കണ്ടെത്തുമ്പോള്‍ നാഗര്‍കോവില്‍ – കോയമ്പത്തൂര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു നവാസ്. ഇടുക്കി സ്വദേശിയായ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നവാസിനെ കണ്ടപ്പോള്‍ തോന്നിയ സംശയമാണ് കേരളാ പോലീസ് ഉള്‍പ്പടെയുള്ളവര്‍ക്ക് സഹായകരമായത്. കൊല്ലം മധുര വഴി യാത്ര ചെയ്ത നവാസ് രാമേശ്വരത്ത് എത്തിയെന്നാണ് വിവരം. കരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വീട്ടുകാരുമായി നവാസ് സംസാരിച്ചു. അപ്പോളാണ് തിരോധാനത്തെ തുടര്‍ന്ന് നാട്ടില്‍ നടന്ന പുകിലൊക്കെ നവാസ് അറിയുന്നത്.

കൊച്ചിയിലെ വീട്ടില്‍ നിന്ന് ഇറങ്ങി കൊല്ലത്തേക്ക് ബസില്‍ പോയ നവാസ് പിന്നെ ട്രെയിനിലാണ് മധുരയ്ക്ക് പോയതെന്നാണ് വിവരം. കൊച്ചി വരെ നവാസ് എത്തിയ കാര്യം അന്വേഷണ സംഘവും നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഔദ്യോഗിക നമ്പര്‍ തിരിച്ച് ഏല്‍പ്പിച്ചിരുന്ന നവാസ് കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഓഫാക്കിയതോടെ ലൊക്കേഷന്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. രാത്രി ഒന്നരയോടെ ഫോണ്‍ ഓണ്‍ ചെയ്തപ്പോഴാണ് പോലീസ് നവാസിന്റെ ലൊക്കേഷന്‍ തിരിച്ചറിയുന്നതും റെയില്‍വേ പോലീസിന്റെ സഹായം തേടിയതും.

മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് നവാസ് അസ്വസ്ഥനായതെന്നും ശേഷമാണ് അദ്ദേഹത്തെ കാണാതായതെന്നും കാണിച്ച് ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഔദ്യോഗിക ചുമതലകള്‍ 13-ാം തീയതി തന്നെ നവാസ് ഒഴിഞ്ഞിരുന്നു. അന്നേദിവസം ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയായിരുന്നു എന്നുമാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം, നവാസ് ഉച്ചക്ക് ശേഷം കൊച്ചിയിലെത്തും. മലമ്പുഴ പോലീസാണ് നവാസുമായി കൊച്ചിയിലേക്ക് തിരിച്ചിട്ടുള്ളത്. മധുരയ്ക്ക് പോകാനിടയായ സാഹചര്യം അറിയാന്‍ പോലീസ് നവാസിനെ ചോദ്യം ചെയ്യും.

Exit mobile version