ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിയുടെ സ്ഥലം മാറ്റം റദ്ദാക്കി; കോട്ടയത്ത് തന്നെ തുടരും

കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ ജില്ലയ്ക്ക് പുറത്തേക്ക് കെ സുഭാഷിനെ സ്ഥലം മാറ്റിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗ ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണം നയിക്കുന്ന ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റ നടപടി പിന്‍വലിച്ച് പോലീസ് സേന. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ നടപടിയാണ് റദ്ദാക്കിയത്. കോട്ടയത്ത് തന്നെ ഡിസിആര്‍ബി ഡിവൈഎസ്പിയായാണ് പുതിയ നിയമനം. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ ജില്ലയ്ക്ക് പുറത്തേക്ക് കെ സുഭാഷിനെ സ്ഥലം മാറ്റിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഡിവൈഎസ്പിയുടെ സ്ഥലം മാറ്റത്തിനെതിരെ കന്യാ സ്ത്രീകളും സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലും പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. കേസിന്റെ വിചാരണയോ പോലും ബാധിക്കുന്നതാണ് ഈ നടപടിയെന്ന് കന്യാസ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ആശങ്ക പങ്കുവെച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡന കേസിന്റെ വിചാരണ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിനെ കോട്ടയം ജില്ലയില്‍ നിന്ന് മാറ്റിയത്. തൊടുപുഴ വിജിലന്‍സിലേക്കായിരുന്നു മാറ്റം.

അന്വേഷണ ഉദ്യോഗസ്ഥനെ ജില്ലയില്‍ തന്നെ സ്ഥലം മാറ്റാതെ മറ്റൊരു ജില്ലയിലേക്ക് അയക്കുന്നതില്‍ ദുരൂഹമാണെന്നും ഇത് കേസിനെ തന്നെ ദുര്‍ബലപ്പെടുത്തുമെന്നും സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചിരുന്നു.

Exit mobile version