വിമാനയാത്രക്കാര്‍ക്ക് ഇനി പകല്‍ യാത്ര ഇല്ല; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ചു മാസത്തേക്ക് വിമാനങ്ങള്‍ക്ക് നിയന്ത്രണം

നവംബര്‍ മുതല്‍ അഞ്ചു മാസത്തേക്ക് രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ വിമാന സര്‍വീസുകള്‍ നടക്കില്ല.

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം വരുന്നു. നവംബര്‍ മുതല്‍ അഞ്ചു മാസത്തേക്ക് രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ വിമാന സര്‍വീസുകള്‍ നടക്കില്ല. നവീകരണത്തിനു വേണ്ടി റണ്‍വേ അടച്ചിടുന്നതിനാലാണ് സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ 31 ആഭ്യന്തര സര്‍വീസുകളും 7 രാജ്യാന്തര സര്‍വീസുകളുമാണ് പകല്‍ സമയത്ത് കൊച്ചിയില്‍ നിന്നും പുറപ്പെടുന്നത്. ഇത്രയും സര്‍വീസുകള്‍ കൊച്ചിയിലേക്ക് വരുന്നുമുണ്ട്. ഈ സര്‍വീസുകളാണ് മുടങ്ങുക. വൈകിട്ട് ആറ് മുതല്‍ രാവിലെ 10 വരെ റണ്‍വേ സാധാരണ പോലെ പ്രവര്‍ത്തിക്കും. വിമാനക്കമ്പനികളോട് ഈ സമയത്തിനനുസരിച്ച് സര്‍വീസ് ക്രമീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ നവംബര്‍ 6 മുതല്‍ മാര്‍ച്ച് 28 വരെ റണ്‍വേ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. മൂന്നു പാളികളായി റണ്‍വേ പുനര്‍നിര്‍മിക്കുന്ന (റീകാര്‍പ്പെറ്റിങ്) ജോലികളാണു ഇപ്പോള്‍ നടത്താനിരിക്കുന്നത്. പകല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി റണ്‍വേ വൈകിട്ടോടെ വ്യോമഗതാഗതത്തിന് സജ്ജമാക്കേണ്ടതുണ്ട്. ഓരോ പത്തു വര്‍ഷത്തിലും റണ്‍വേ റീകാര്‍പ്പെറ്റിങ് നടത്തണമെന്നാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശം.

1999ല്‍ പ്രവര്‍ത്തനമാരംഭിച്ച വിമാനത്താവളത്തിന്റെ റണ്‍വേയുടെ ആദ്യ റീകാര്‍പ്പെറ്റിങ് ജോലികള്‍ 2009ലായിരുന്നു. രണ്ടാമത്തേതും കൂടുതല്‍ മികവേറിയതുമായ ജോലികളാണ് ഇക്കുറി നടത്തുക. .

Exit mobile version