മഴക്കാലമായിട്ടും 800 കുടുംബങ്ങള്‍ക്ക് കുടിവെള്ളമില്ല; എലിയാര്‍മലയിലെ ചെങ്കല്‍ ഖനനത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

ഇവിടുത്തെ കിണറുകളില്‍ ഇപ്പോഴും കലങ്ങിയ വെള്ളമാണ് ഉള്ളത്

എലിയാര്‍മല: കോഴിക്കോട് എലിയാര്‍മലയിലെ ചെങ്കല്‍ ഖനനത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. കാലവര്‍ഷം എത്തിയിട്ടും ഈ മേഖലയില്‍ ഇപ്പോഴും കുടിവെള്ളം ഇല്ലാത്തതാണ് പ്രതിഷേധത്തിന് കാരണം. ഖനനം മൂലം കുടിവെളളം ഇല്ലാതായെന്നാണ് നാട്ടുകാരുടെ പരാതി. ഖനനത്തിന് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ചും നടത്തി.

ചെങ്കല്‍ ഖനനം കാരണം എടക്കര, പട്ടര്‍പാലം എന്നിവിടങ്ങളിലെ എണ്ണൂറ് കുടുംബങ്ങള്‍ക്കാണ് മഴക്കാലം ആയിട്ടും കുടിവെള്ളമില്ലാത്തത്. ഇവിടുത്തെ കിണറുകളില്‍ ഇപ്പോഴും കലങ്ങിയ വെള്ളമാണ് ഉള്ളത്. എല്ലാറ്റിനും കാരണം എലിയാര്‍മലയിലെ ചെങ്കല്‍ ഖനനമാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഇവിടെ ചെങ്കല്‍ ഖനനം തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

അതേസമയം തങ്ങള്‍ ഖനനം നടത്തുന്നത് ജിയോളജി വകുപ്പിന്റെയും തലക്കുളത്തൂര്‍ പഞ്ചായത്തിന്റെയും അനുമതിയോടെ ആണെന്നാണ് ഉടമകള്‍ പറയുന്നത്. എന്നാല്‍ ഖനനത്തിന് തങ്ങള്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. പ്രശ്‌നത്തിന് പരിഹാരം കാണാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നാണ് എലിയാര്‍മല സംരക്ഷണസമിതിയുടെ തീരുമാനം.

Exit mobile version