ഉയര്‍ന്ന വരുമാനവും ആഡംബര ജീവിതവും എന്നാല്‍ റേഷന്‍ കാര്‍ഡില്‍ ദരിദ്ര രേഖയ്ക്ക് താഴെ; 1,577 കുടുംബങ്ങളെ കൈയ്യോടെ പിടികൂടി സപ്ലൈ വകുപ്പ്

ആലുവ മേഖലയിലാണ് ഏറ്റവും കൂടുതല്‍ അനര്‍ഹര്‍ ബിപിഎല്‍ കാര്‍ഡ് ഉപയോഗിച്ചിരുന്നത്

കൊച്ചി: അനധികൃതമായി റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയത് ഉയര്‍ന്ന വരുമാനക്കാരായ 1,577 കുടുംബങ്ങള്‍. എറണാകുളം ജില്ലയില്‍ സപ്ലൈ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് മുന്‍ഗണനാ റേഷന്‍കാര്‍ഡില്‍ കയറിപ്പറ്റിയ അനര്‍ഹരെ കണ്ടെത്തിയത്.

നടപടികളുടെ ഭാഗമായി ഇവരുടെ കാര്‍ഡുകള്‍ എപിഎല്‍ വിഭാഗത്തിലേക്കു മാറ്റി. കൂടാതെ മുന്‍ഗണനാ കാര്‍ഡിലുള്ളവരുടെ വിഹിതം കൈപ്പറ്റിയ ഇവരില്‍ നിന്നും റേഷന്‍ സാമഗ്രികളുടെ വില തിരിച്ചുപിടിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സപ്ലൈവകുപ്പിന്റെ സ്‌ക്വാഡുകള്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് അനര്‍ഹരെ കണ്ടെത്തിയത്.

ആഡംബര വീടും, കാര്‍ അടക്കമുള്ള വാഹനങ്ങളും സ്വന്തമായുള്ളവരാണ് ദരിദ്ര വിഭാഗത്തിനുള്ള റേഷന്‍ കാര്‍ഡ് കൈവശം വച്ച് ആനുകൂല്യം കൈപ്പറ്റുന്നത്. ആലുവ മേഖലയിലാണ് ഏറ്റവും കൂടുതല്‍ അനര്‍ഹര്‍ ബിപിഎല്‍ കാര്‍ഡ് ഉപയോഗിച്ചിരുന്നത്.

ഏറ്റവും ദരിദ്രവിഭാഗക്കാരായ അന്ത്യോദയ-അന്നയോജന കാര്‍ഡുകള്‍ തരപ്പെടുത്തി ആനുകൂല്യം വാങ്ങിയിരുന്ന 312 കുടുംബങ്ങളെയും അന്വേഷണത്തില്‍ കണ്ടെത്തി. സപ്ലൈവകുപ്പിന്റെ സ്‌ക്വാഡുകള്‍ പരിശോധന തുടരും. കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം.

Exit mobile version