വര്‍ഗീയ പ്രചാരണം; കെഎം ഷാജി എംഎല്‍എയെ ഹൈക്കോടതി അയോഗ്യനാക്കി

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് നടപടി.

കൊച്ചി: അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് നടപടി. ആറ് വര്‍ഷത്തേക്കാണ് കെഎം ഷാജിയെ അയോഗ്യനാക്കിയത്.

വര്‍ഗീയ പ്രചാരണം നടത്തി ധ്രുവീകരണത്തിന് ശ്രമിച്ചെന്നാണ പരാതിയിലാണ് കോടതി നടപടി. പോസ്റ്റര്‍ പതിച്ചും വര്‍ഗീയ പ്രചാരണം നടത്തിയും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന കെഎം ഷാജി ജയിച്ചതായിട്ടാണ് നികേഷ് കുമാര്‍ പരാതി നല്‍കിയിരുന്നത്.

വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി ഉത്തരവിറക്കി. എന്നാല്‍ ആറു വര്‍ഷത്തെ അയോഗ്യത ലഭിച്ചതോടെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഷാജിക്കാകില്ല.

അതേസമയം തന്നെ എംഎല്‍എയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. തുടര്‍ നടപടികളെടുക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും സ്പീക്കര്‍ക്കും നിര്‍ദേശം നല്‍കി. കേസ് നടത്തിപ്പിന് 50000 രൂപ നികേഷ് കുമാറിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

അതേസമയം വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷാജി വ്യക്തമാക്കി. നിയമപരമായി നേരിടുമെന്ന് ലീഗും വ്യക്തമാക്കി. ഹൈക്കോടതി വിധി അന്തിമമല്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

ഹീനമായ മാര്‍ഗത്തിലൂടെ എംഎല്‍എയായ കെഎം ഷാജി കേരളത്തോട് മാപ്പ് പറയണമെന്ന് എം സ്വരാജ് എംഎല്‍എ ആവശ്യപ്പെട്ടു.

Exit mobile version