ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്തതിന് പ്രതികാരം; മകള്‍ മരിച്ചെന്ന വ്യാജ വാര്‍ത്തയും ശവസംസ്‌കാര ചടങ്ങിന്റെ സമയവും കുറിച്ച് പോസ്റ്ററൊട്ടിച്ച് പിതാവ്

സുരക്ഷാ ഭീഷണിയുണ്ടെന്ന് കാട്ടി വിവാഹത്തിന് പിന്നാലെ യുവദമ്പതികള്‍ പോലീസില്‍ പരാതിപ്പെട്ടു

ചെന്നൈ: ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തതിന് മകളോട് പ്രതികാരം ചെയ്ത് ഒരു പിതാവ്. മകള്‍ മരിച്ചെന്ന വ്യാജ വാര്‍ത്തയും ശവസംസ്‌കാര ചടങ്ങിന്റെ സമയവും കുറിച്ച് പിതാവ് പോസ്റ്ററൊട്ടിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവ് ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവാവിന്റെ മാതാവ് പറഞ്ഞു.

പെണ്‍കുട്ടി കുറെ കാലമായി യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ യുവാവിന്റെ അമ്മ ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തില്‍ പെട്ടയാളായതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. ജൂണ്‍ ആറിനാണ് പെണ്‍കുട്ടി യുവാവിനൊപ്പം ഒളിച്ചോടിയത്.

ഇതില്‍ പ്രകോപിതനായ പിതാവ് പെണ്‍കുട്ടിയോട് പ്രതികാരം ചെയ്യുകയായിരുന്നു. വാഹനാപകടത്തില്‍ മകള്‍ മരിച്ചെന്നും ശവസംസ്‌കാര ചടങ്ങുകള്‍ ജൂണ്‍ 10 ന് വൈകിട്ട് 3.30 ന് നടക്കുമെന്നും വ്യക്തമാക്കിയുള്ള പോസ്റ്റര്‍ ജൂണ്‍ ഒന്‍പതിന് ഗ്രാമത്തില്‍ ഇയാള്‍ ഒട്ടിച്ചു.

തുടര്‍ന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് കാട്ടി വിവാഹത്തിന് പിന്നാലെ യുവദമ്പതികള്‍ പോലീസില്‍ പരാതിപ്പെട്ടു. ഇരുവരുടേയും മാതാപിതാക്കളെ പോലീസ് വിളിച്ചുവരുത്തിയെങ്കിലും തനിക്ക് മകളില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസിനോട് പറയുകയും ചെയ്തു.

Exit mobile version