പച്ചക്കറി വില കുതിക്കുന്നു; മത്സ്യത്തിനും പലവ്യഞ്ജന സാധനങ്ങള്‍ക്കും ഇനിയും വില കൂടും

പച്ചക്കറിയുടെ വിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ കൂടിയത്

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ ഇറക്കുമതി ചെയ്യുന്ന ആന്ധ്രാ, തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനമാണ് വില ഉയരാന്‍ കാരണം. പച്ചക്കറി വിലയ്ക്കു പുറമെ പലവ്യഞ്ജന സാധനങ്ങളുടെയും പച്ചമീനിന്റെയും വില വര്‍ധിച്ചു.

പച്ചക്കറിയുടെ വിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ കൂടിയത്. കഴിഞ്ഞ മാസങ്ങളില്‍ കിലോയ്ക്ക് 14,15 രൂപ നിരക്കില്‍ ലഭിച്ചിരുന്ന തക്കാളിക്ക് ഇപ്പോള്‍ വില 40 രൂപയായി ഉയര്‍ന്നു. ഇഞ്ചിയുടേയും ബീന്‍സിന്റെയും വില 100 കടന്നു. പയറ്, ചെറിയുള്ളി, വെളുത്തുള്ളി എന്നിവ വാങ്ങണമെങ്കില്‍ വില അധികം കൊടുക്കേണ്ടിയും വരും.

പലവ്യഞ്ജനത്തിന്റെ വിലയും വര്‍ധിച്ചിട്ടുണ്ട്. പഞ്ചസാരയുടേയും തേങ്ങയുടേയും വില കുതിച്ചുയര്‍ന്നു. നിലവില്‍ വില കൂടുതലായിരുന്ന പച്ചമീനിന്റെ വില ട്രോളിങ് കൂടി നിലവില്‍ വന്നതോടെ ഇനിയും കൂടും. നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നത് സാധാരണക്കാരെയാണ് ഏറെ ബാധിക്കുക.

Exit mobile version