സാമ്പത്തിക ബാധ്യത; മകളുടെ വിവാഹദിവസം അച്ഛന്‍ തൂങ്ങിമരിച്ച നിലയില്‍

സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യാകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു

പാരിപ്പള്ളി: മകളുടെ വിവാഹദിവസം അച്ഛനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചിറക്കര ഉളിയനാട് പ്രസാദ് ഭവനില്‍ ബി ശിവപ്രസാദി(44)നെയാണ് മകള്‍ മകള്‍ നീതുവിന്റെ വിവാഹദിവസം രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നീതുവിനെ മരണവിവരം അറിയിക്കാതെ ബന്ധുക്കള്‍ വിവാഹം നടത്തുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യാകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.

ഞായറാഴ്ചയാണ് സംഭവം. ശിവപ്രസാദിനെയാണ് രാവിലെ ഏഴോടെ ചിറക്കര ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു സമീപത്തെ കുടുംബവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മകള്‍ നീതുവിന്റെ വിവാഹം വിളപ്പുറം ആനന്ദവിലാസം ഭഗവതീക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. രാവിലെ ആറിന് വീട്ടില്‍നിന്ന് ബൈക്കുമായി പോയ ശിവപ്രസാദിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടിയില്ല.

തുടര്‍ന്ന് സുഹൃത്തുക്കള്‍ ഇയാളെ അന്വേഷിച്ച് ഇറങ്ങി. കുടുംബവീടിനുമുന്നില്‍ ബൈക്ക് ഇരിക്കുന്നതു കണ്ട് വീട്ടില്‍ കയറി നോക്കിയപ്പോഴാണ് ശിവപ്രസാദിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഉടനെ പോലീസിനെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജലജയാണ് ശിവപ്രസാദിന്റെ ഭാര്യ.

Exit mobile version