‘ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചു’; മുഖ്യമന്ത്രി

ശബരിമല വിഷയത്തില്‍ ചിലര്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു

തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുമെന്ന പ്രതീതി ഉണ്ടാക്കി ജനത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ചില മാധ്യമങ്ങള്‍ നടത്തി. ഇത് വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാമെന്നും, എന്നാല്‍ തെറ്റിദ്ധരിക്കപ്പെട്ട ജനങ്ങള്‍ക്ക് ഇപ്പോള്‍ തിരിച്ചറിവുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിക്കാതിരിക്കാന്‍ വോട്ടര്‍മാര്‍ യുഡിഎഫിന് വോട്ട് ചെയ്തതാണ് യുഡിഎഫ് വിജയത്തിന് കാരണമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷത്തോടുള്ള അകല്‍ച്ച കൊണ്ടല്ല. ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോട് പ്രത്യേക അകല്‍ച്ച ഉണ്ടെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തില്‍ ചിലര്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഇന്ത്യയുടെ പരമോന്നത കോടതിയുടെ വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. വിധി നടപ്പാക്കാന്‍ വേണ്ട സുരക്ഷ ഉറപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. വിധി നടപ്പലാക്കിയതിനെയാണ് ചിലര്‍ വിശ്വാസികള്‍ക്ക് എതിരായ ശ്രമമെന്ന് വരുത്തിത്തീര്‍ക്കാന്‍ നോക്കിയത്. ഇതും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് എതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version