വട്ടിയൂര്‍കാവില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമോ.? കുമ്മനം തന്നെ സ്ഥാനാര്‍ത്ഥി ആയേക്കും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് ഉപതെരഞ്ഞെടുപ്പിലേക്കാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം കാഴ്ചവെക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. വട്ടിയൂര്‍കാവില്‍ ഇത്തവണയും മത്സരിക്കുന്നത് കുമ്മനം രാജശേഖരന്‍ തന്നെയാണ്. ശക്തമായ ത്രികോണമത്സരമാണ് വട്ടിയൂര്‍കാവില്‍ കാണുന്നത്.

മിസോറാം ഗവര്‍ണ്ണറായി ചുമതല ഏറ്റെങ്കിലും കുമ്മനം എംപി പദവി മോഹിച്ച് ആ സ്ഥാനം രാജിവെച്ച് തിരുവനന്തപുരത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നു. കുമ്മനത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ആര്‍എസ്എസ് നിര്‍വ്വഹിക്കും. അതേസമയം കുമ്മനം മത്സരിക്കുന്നില്ലെങ്കില്‍ പിന്നെ സ്ഥാനാര്‍ത്ഥികളാകാനുള്ള നറുക്ക് പിഎസ് ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍,ജില്ലാ പ്രസിഡന്റ് എസ് സുരേഷ് അടക്കമുള്ളവര്‍ക്കാകും.

വട്ടിയൂര്‍കാവ് എംഎല്‍എ ആയി തെരഞ്ഞെടുത്ത കെ മുരളീധരന്‍ വടകരയില്‍ എംപിആയി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് വട്ടിയൂര്‍കാവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ മത്സരത്തിലും മുരളീധരന്റെ എതിര്‍സ്ഥാനാര്‍ത്ഥി ആയിരുന്നത് കുമ്മനം തന്നെ ആയിരുന്നു. എന്നാല്‍ 7622 വോട്ടിന് കുമ്മനത്തെ മുരളീധരന്‍ വീഴ്ത്തുകയായിരുന്നു.

പത്മജാ വേണുഗോപാല്‍, പിസി വിഷ്ണുനാഥ്, പ്രയാര്‍ ഗോപാലകൃഷ്ണന്‍, കെ മോഹന്‍കുമാര്‍ അങ്ങിനെ സ്ഥാനാര്‍ത്ഥികളാകാനുള്ളവരുടെ നീണ്ടനിര കോണ്‍ഗ്രസ്സിന് മുന്നിലുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വീണ്ടും മൂന്നാമത് പോയതിന്റെ നാണക്കേട് മാറ്റാന്‍ ഇടതിന് വട്ടിയൂര്‍കാവ് ജയം അനിവാര്യമാണ്. മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിഎന്‍ സീമ മൂന്നാം സ്ഥാനമായതും വിവാദമായിരുന്നു. എം വിജയകുമാര്‍, മേയര്‍ വികെ പ്രശാന്ത് എന്നിവരെ സ്ഥാനാര്‍ത്ഥികളായി സിപിഎം പരിഗണിക്കുന്നുണ്ട്. മൂന്ന് മുന്നണികളും കച്ചമുറുക്കുമ്പോള്‍ തലസ്ഥാനത്ത് വീണ്ടും ഒരുങ്ങുന്നത് ശക്തമായ ത്രികോണപ്പോര്.

Exit mobile version