മഴതുടങ്ങിയാല്‍ ഒരു ഗ്രാമം ഒറ്റപ്പെടും, എംപി ഫണ്ട് നല്‍കി ഒരു കൊല്ലം ആവാറായിട്ടും പാലം പണി തുടങ്ങിയില്ല; പതിനഞ്ച് ദിവസത്തിനുള്ളില്‍ പണി തുടങ്ങിയില്ലെങ്കില്‍ വിവരമറിയും, ക്ഷുഭിതനായി സുരേഷ് ഗോപി

വയനാട്: തന്റെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് പണം അനുവദിച്ചിട്ടും ഇനിയും വയനാട്ടിലെ കോട്ടത്തറയിലെ മാങ്കോട്ടുക്കുന്നിലെ പാലം പണിയാത്തതില്‍ പ്രതിഷേധിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. പണി ഇനിയും പുരോഗമിക്കാത്തതില്‍ തനിക്ക് ശക്തമായ പ്രതിഷേധം ഉണ്ടെന്ന് അദ്ദേഹം പൊതുമരാമത്ത് ഉദ്യോഗസ്ഥരെ അറിയിച്ചു.

അതേസമയം അദ്ദേഹം വയനാട് കളക്ടര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വരുന്ന 15 ദിവസത്തിനുള്ളില്‍ നിര്‍മ്മാണം തുടങ്ങിയിട്ടില്ല എങ്കില്‍ ഫണ്ട് പിന്‍വലിക്കും എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടമാണ് നിര്‍മ്മാണം വൈകാന്‍ കാരണമെന്നും രണ്ട് ദിവസത്തിനുള്ളില്‍ ഫയല്‍ കളക്ട്രേറ്റിലേക്കയക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മഴക്കാലം അടുത്തിരിക്കെ മാങ്കോട്ടുക്കുന്നിലെ ജനങ്ങള്‍ ആശങ്കയിലാണ്. മഴക്കാലത്ത് ഇവിടെ വെള്ളം കയറുന്നത് പതിവാണ്. കുട്ടികള്‍ ഈ സമയത്ത് സ്‌കൂളില്‍ പോകാറില്ല മാത്രമല്ല ഇങ്ങനെ വെള്ളം കയറിയാല്‍ ഈ ഗ്രാമത്തിലെ ആളുകള്‍ ഒറ്റപ്പെടും ഈ വാര്‍ത്തയെല്ലാം മാധ്യമങ്ങളിലൂടെ കണ്ടിട്ടാണ് സുരേഷ് ഗോപി കഴിഞ്ഞ ജൂലായില്‍ 35 ലക്ഷം രൂപ അനുവദിച്ചത്.

എംപി ഫണ്ടില്‍ നിന്നുമുള്ള തുക ഉപയോഗിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പണി തീര്‍ക്കണമെന്നായിരുന്നു പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ വര്‍ഷം ഒന്നു കഴിയാറായെങ്കിലും ഫയല്‍ നീങ്ങിയില്ല. ഇതോടെയാണ് അദ്ദേഹം പ്രതികരിച്ചത്. തുടര്‍ന്ന് നിര്‍മ്മാണം തുടങ്ങാന്‍ പതിനഞ്ച് ദിവസം സമയം നല്‍കുകയായിരുന്നു.

പദ്ധതി നടപ്പിലാക്കേണ്ട പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ നിഷേധ നിലപാട് സ്വീകരിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഒരാഴ്ച്ചക്കുള്ളില്‍ ഫയല്‍ നീങ്ങിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ ഉപരോധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.

Exit mobile version