നിപ്പാ രോഗലക്ഷണം, ഒരാള്‍ കൂടി ചികിത്സയില്‍; ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍

നിപക്ക് സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാലാണ് യുവതിയെ നിരീക്ഷണത്തില്‍ വെയ്ക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

കൊച്ചി: നിപ്പാ രോഗം ബാധിച്ച് വിദ്യാര്‍ത്ഥി ചികിത്സയില്‍ കഴിയവെ രോഗലക്ഷണങ്ങളുമായി ഒരു രോഗിയെക്കൂടി ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. വടക്കന്‍ പറവൂര്‍ മന്നം സ്വദേശിയായ യുവതിയാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തിയത്. നിപ്പാക്ക് സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാലാണ് യുവതിയെ നിരീക്ഷണത്തില്‍ വെയ്ക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

യുവതിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം ശാരീരിക അസ്വസ്ഥകളോടെ മറ്റൊരാളും ചികിത്സ തേടിയെത്തിയിട്ടുണ്ട്. നിപ്പാ രോഗബാധയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി പഠിച്ചിരുന്ന കോളേജില്‍ നിന്ന് പന്നി ഫാമിലേക്ക് ഭക്ഷ്യാവശിഷ്ടങ്ങള്‍ ശേഖരിച്ചിരുന്ന വ്യക്തിയാണ് ചികിത്സ തേടിയത്.

ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിലാണ് ഇയാള്‍ ഇപ്പോള്‍. നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച ചികിത്സയിലുള്ള യുവാവിന്റെ പഞ്ചായത്തായ വടക്കേക്കരയില്‍ ആളുകള്‍ കൂട്ടമായി എത്തുന്ന പൊതുചടങ്ങുകള്‍ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവാഹങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ പൊതു-സ്വകാര്യ പരിപാടികളും ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

Exit mobile version